അങ്ങനെ മയക്കുമരുന്നിലും വ്യാജനെത്തി, പിന്നിലെ മലയാളി ‘തലയ്ക്ക്’ മുന്നിൽ നമിച്ച് വിദേശികളും, ഒരേ ഒരു ലക്ഷ്യം മാത്രം

0
283

കൊച്ചി: കണ്ണഞ്ചിപ്പിക്കുന്ന ലാഭം കിട്ടിത്തുടങ്ങിയതോടെ, സംസ്ഥാനത്ത് മയക്കുമരുന്നും മായം കലർത്തി വിൽക്കുന്നു! പരിശോധന തകൃതിയാണെങ്കിലും കേരളത്തിലേക്ക് അനുദിനം സിന്തറ്റിക്ക് മയക്കുമരുന്ന് വൻതോതിൽ എത്തുന്നുണ്ട്.

കൊച്ചിയിൽ അടുത്തിടെ പിടിച്ച മയക്കുമരുന്ന് പരിശോധിച്ചപ്പോഴാണ് ‘മിക്സിംഗ്” വെളിച്ചത്തായത്. വൻലാഭം നേടാനുള്ള മലയാളി വില്പനക്കാരുടെ ‘കരവിരുതാണ്” ഈ മിക്‌സിംഗ്. കൂട്ടിച്ചേർത്താൽ തിരിച്ചറിയാനാവാത്ത ഇന്തുപ്പ്, ഷുഗ‌ർ ഫ്രീ തുടങ്ങിയ ഉത്പന്നങ്ങളാണ് പൊടിച്ചുചേർക്കുന്നത്.

ഗ്രാമിന് 1,000 രൂപയ്ക്ക് വാങ്ങുന്ന ലഹരിമരുന്ന് 5,​000 രൂപയ്ക്കാണ് വില്പന. കഴിഞ്ഞമാസം മയക്കുമരുന്നുമായി അറസ്റ്റിലായ യുവാവിൽ നിന്ന് പിടിച്ചെടുത്തതിൽ പകുതിയും മിക്സിംഗായിരുന്നു. മൂക്കിലേക്ക് ശ്വസിച്ചുകയറ്റി ഉപയോഗിക്കുന്ന സിന്തറ്റിക്ക് മയക്കുമരുന്നിലാണ് മായംചേർക്കൽ. നേരിട്ട് കഴിച്ചാൽ മരണംവരെ സംഭവിച്ചേക്കാമെന്നതിനാൽ ആരും ഇവ രുചിച്ചുനോക്കാറില്ല. ഇതാണ് ഇടനിലക്കാ‌ർ മുതലെടുക്കുന്നത്.

12 ചേരുവ

ഏതാണ്ട് 12 കെമിക്കലുകൾ ചേർത്താണ് വീര്യംകൂടിയ രാസലഹരി നിർമ്മിക്കുന്നത്. അളവുതെറ്റിയാൽ വീര്യം കുറയും. വിദേശികളായ കെമിസ്റ്റുകളാണ് ഇവ ‘കുക്ക്” ചെയ്യുന്നത് (നിർമ്മിക്കുന്നത് ). ഗോവ, ബംഗളൂരു, മുംബയ് എന്നിവിടങ്ങളിലാണ് നിർമ്മാണം.

ആറാടി ആഫ്രിക്കൻസ്

ബംഗളൂരുവിലും ഗോവയിലും ആഫ്രിക്കക്കാരാണ് മയക്കുമരുന്ന് നിർമ്മാണത്തിനും വില്പനയ്ക്കും മുന്നിൽ. ഇവരിലേക്ക് എത്തിപ്പെടുക തന്നെ ശ്രമകരം. കൊച്ചിയിൽ കോടികളുടെ മയക്കുമരുന്ന് പിടിച്ച കേസിന് പിന്നിലും ആഫ്രിക്കക്കാരായിരുന്നു.

ബംഗളൂരുവിൽ ഇവരുടെ കേന്ദ്രത്തിലേക്ക് കടക്കാൻ ശ്രമിച്ച അന്വേഷണോദ്യോഗസ്ഥർ തലനാരിഴയ്ക്കാണ് ജീവനോടെ രക്ഷപ്പെട്ടത്. സദാസമയം ആയുധവുമായാണ് മയക്കുമരുന്നു സംഘത്തിന്റെ നിൽപ്പ്. ഉന്നതവിദ്യഭ്യാസം തേടിയെത്തിയവരാണ് ലഹരിനിർമ്മാതാക്കളിൽ അധികവും.

LEAVE A REPLY

Please enter your comment!
Please enter your name here