24 മണിക്കൂറിനിടെ രണ്ട് ബലാത്സം​ഗക്കേസിലെ പ്രതികളെ വെടിവച്ച് കൊന്ന് അസം പൊലീസ്

0
325

ഗുവാഹത്തി: 24 മണിക്കൂറിനിടെ രണ്ട് ബലാത്സംഗക്കേസിലെ പ്രതികളെ വെടിവച്ച് കൊന്ന് അസം പൊലീസ്. ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ബുധനാഴ്ച അസം പൊലീസ് വെടിവച്ച് കൊന്നു. മജ്ബത്തിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതി രാജേഷ് മുണ്ട (38) കൊല്ലപ്പെട്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രതിയെ രക്ഷിക്കാനായില്ലെന്നും പൊലീസ് വ്യക്തമാക്കി. ഉദൽഗുരി ജില്ലയിൽ ബുധനാഴ്ച പുലർച്ചെയാണ് പെൺകുട്ടി ബലാത്സം​ഗം ചെയ്യപ്പെട്ടത്.

”ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മാർച്ച് 10ന് ഞങ്ങൾ കേസെടുത്തിരുന്നു. ഞങ്ങളുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയായ രാജേഷ് മുണ്ടയെ ചൊവ്വാഴ്ച ബൈഹാത ചാരിയാലിയിലെ ഒരു ഫാക്ടറിയിൽ നിന്ന് പിടികൂടി,” ഉദൽഗുരിയിലെ അഡീഷണൽ പൊലീസ് സൂപ്രണ്ട് ബിദ്യുത് ദാസ് ബോറോ പറഞ്ഞു.

”ബുധനാഴ്ച പുലർച്ചെ 2.30 ഓടെ കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ഓടി രക്ഷപ്പെടുന്നത് തടയാൻ പൊലീസ് സംഘം വെടിയുതിർത്തു, അതിൽ പ്രതിക്ക് പരിക്കേറ്റു. പ്രതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെവച്ച് അയാൾ മരിച്ചതായി സ്ഥിരീകരിച്ചു” – അഡീഷണൽ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഇത്തരത്തിൽ രണ്ടാം തവണയാണ് ബലാത്സംഗക്കേസ് പ്രതി മരിക്കുന്നത്. ചൊവ്വാഴ്ച രാത്രി, പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ബിക്കി അലി ഗുവാഹത്തി പൊലീസ് നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.

പത്താം ക്ലാസുകാരിയായ പെൺകുട്ടിയെ ബിക്കിയും നാല് സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാൽസംഗം ചെയ്യുകയായിരുന്നു. ആദ്യം പ്രതി പെൺകുട്ടിയെ പ്രണയം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. പിന്നീട് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കും എന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി സുഹൃത്തുക്കളുമായി ചേർന്ന് കൂട്ടബലാൽസംഗം ചെയ്തു. ഇതോടെ പെൺകുട്ടി സംഭവം വീട്ടിൽ പറയുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.

അസമിലെ പൊലീസ് ഏറ്റുമുട്ടലുകൾ

ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റ കഴിഞ്ഞ വർഷം മെയ് മുതൽ അസമിൽ നിരവധി ഏറ്റുമുട്ടൽ കൊലകൾ അരങ്ങേറിയിരുന്നു. കുറ്റവാളികൾക്കെതിരെ കർശനമായ നടപടി വേണം. കസ്റ്റഡിയിൽ നിന്ന് ഓടിപ്പോകാനോ പോലീസുകാരെ ആക്രമിക്കാനോ ശ്രമിച്ചാൽ അവരുടെ കാൽ മുട്ടിന് താഴെ വെടിവയ്ക്കണം എന്നീ നി‍ർദ്ദേശങ്ങൾ ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പൊലീസിന് നി‍ർദ്ദേശം നൽകിയിട്ടുണ്ട്.

2021 മെയ് മുതൽ സംസ്ഥാനത്ത് 80 ‘വ്യാജ ഏറ്റുമുട്ടലുകൾ’ നടന്നിട്ടുണ്ടെന്നും 28 പേർ മരിക്കുകയും 48 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും ആരോപിച്ച് കഴിഞ്ഞ വർഷം ഡിസംബറിൽ അഭിഭാഷകൻ ആരിഫ് ജ്വാദർ ഗുവാഹത്തി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

ഹ‍ർജിക്ക് മറുപടിയായി കഴിഞ്ഞ മാസം സമർപ്പിച്ച സത്യവാങ്മൂലത്തിൽ, എല്ലാ ഏറ്റുമുട്ടലുകളിലും ആവശ്യമായ എല്ലാ നിയമ നടപടികളും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചതായി അസം സർക്കാർ വ്യക്തമാക്കി. 2021 മെയ് 10 നും ഈ വർഷം ജനുവരി 28 നും ഇടയിൽ നടന്ന ഏറ്റുമുട്ടലുകളിൽ 28 പേർ കൊല്ലപ്പെടുകയും 73 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് കോടതിയെ സർക്കാ‍ർ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here