ഹിന്ദുത്വ ശക്തികള്‍ക്ക് വെല്ലുവിളിയാകാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്ന് സീതാറാം യെച്ചൂരി

0
187

ഹിന്ദുത്വ ശക്തികള്‍ക്ക് വെല്ലുവിളിയാകാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്താണ് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് സ്വയം വിലയിരുത്തണം. പഞ്ചാബിലെ ജനങ്ങള്‍ പരമ്പരാഗത പാര്‍ട്ടികളെ തഴഞ്ഞു. സംഘപരിവാറിനെ നേരിടാന്‍ സിപിഐഎം നേതൃപരമായ പങ്ക് വഹിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാന്‍ മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്ന എല്ലാ പാര്‍ട്ടികളും ഒന്നിക്കേണ്ടതിന്റെ ആവശ്യകത യെച്ചൂരി ഉയര്‍ത്തിക്കാട്ടി. ത്രിപുരയില്‍ സിപിഐഎമ്മിനെതിരെയുള്ള ബിജെപി ആക്രമണത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ അപലപിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ പശ്ചാത്തലത്തിലാണ് സിപിഐഎം കോണ്‍ഗ്രസിനെതിരായ വിമര്‍ശനങ്ങള്‍ ആവര്‍ത്തിക്കുന്നത്.

തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി കനത്ത തിരിച്ചടി നേരിടുന്ന പശ്ചാത്തലത്തില്‍ വെകീട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നുണ്ട്. വൈകിട്ട് നാലിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിലാണ് യോഗം ചേരുക. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയമാണ് പ്രവര്‍ത്തക സമിതി പ്രധാനമായും വിലയിരുത്തുക.

ദേശീയ നേതൃത്വത്തിന്റെ വീഴ്ചയാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന് ജി 23 നേതാക്കള്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനമുന്നയിക്കാനാണ് സാധ്യത. അടിയന്തരമായി ദേശീയ നേതൃത്വം പുനസംഘടിപ്പിക്കണമെന്നും ജി 23 നേതാക്കള്‍ ആവശ്യപ്പെടും.ഗാന്ധി കുടുംബത്തിനെതിരെ പ്രവര്‍ത്തക സമിതിയില്‍ വിമര്‍ശനമുണ്ടായാല്‍ താത്ക്കാലിക അധ്യക്ഷ പദവി സോണിയാ ഗാന്ധി ഒഴിയുമെന്നാണ് വിവരം. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രിയങ്കാ ഗാന്ധിയും ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്ന് രാജി സന്നദ്ധത അറിയിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here