ഹിജാബ് വിഷയത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വധഭീഷണി; എ.ബി.വി.പി നേതാവിനെതിരെ കേസെടുത്തു

0
247

ബെംഗളൂരു: ഹിജാബ് വിഷയത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വധഭീഷണി മുഴക്കിയതിന് എ.ബി.വി.പി നേതാവിനെതിരെ കേസെടുത്തു.

ഹാവേരി ജില്ലയിലെ എ.ബി.വി.പി നേതാവ് പൂജ വീരഷെട്ടിക്കെതിരെയാണ് വിജയപുര പൊലീസ് കേസെടുത്തിരിക്കുന്നത്. മുസ്‌ലിങ്ങളെ, പ്രത്യേകിച്ചും ഉഡുപ്പി പി.യു. കോളേജില്‍ ഹിജാബ് നിരോധനത്തെ എതിര്‍ക്കുന്ന ആറ് വിദ്യാര്‍ത്ഥിനികളെ ആക്രമിക്കണം എന്ന തരത്തില്‍ പ്രസംഗിച്ചതിന്റെ പേരിലാണ് കേസ്.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ വധഭീഷണി മുഴക്കിക്കൊണ്ടുള്ള വിദ്വേഷ പ്രസ്താവനയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചിരുന്നു.

ശിവമൊഗയില്‍ നിന്നുള്ള ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെയായിരുന്നു പൂജ വീരഷെട്ടിയുടെ വിവാദ പ്രസ്താവന. മരണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് വിജയപുരയില്‍ സംഘടിപ്പിച്ച ഒരു റാലിയില്‍ വെച്ചായിരുന്നു, ‘ഹിജാബ് ധരിച്ചവരെ വെട്ടിനുറുക്കണം’ എന്ന തരത്തില്‍ വീരഷെട്ടി പ്രസംഗിച്ചത്.

”നമ്മുടെ രാജ്യം കാവിയാണ്. ഇതുവരെ ഉണ്ടായ അറസ്റ്റുകളില്‍ സന്തോഷമുണ്ട്. പക്ഷെ ഇത് മാത്രം മതിയാകില്ല. നിങ്ങള്‍ സര്‍ക്കാരിന് അത് ചെയ്യാനാകുന്നില്ലെങ്കില്‍, ഞങ്ങള്‍ക്ക് ഒരു 24 മണിക്കൂര്‍ തരൂ. അല്ലെങ്കില്‍ ഈ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ഒരു മണിക്കൂര്‍ സമയം തരൂ.

ഈ ആറ് പെണ്‍കുട്ടികളെ മാത്രമല്ല, ഹിജാബ് ധരിച്ച 60,000 പേരെയും ഞങ്ങള്‍ കഷണങ്ങളാക്കി വെട്ടിനുറുക്കും,” എന്നായിരുന്നു ഇവര്‍ പ്രസംഗിച്ചത്.

ഫെബ്രുവരി 24നായിരുന്നു വിവാദമായ ഈ പ്രസംഗം. ”നിങ്ങള്‍ ഇന്ത്യയില്‍ വെള്ളം ചെദിച്ചാല്‍ ഞങ്ങള്‍ ജ്യൂസ് തരും, പാല്‍ വേണമെങ്കില്‍ തൈര് തരും.

എന്നാല്‍, നിങ്ങള്‍ക്ക് ഇന്ത്യയില്‍ ഹിജാബ് ധരിക്കണമെന്നാണ് ആവശ്യപ്പെടുന്നതെങ്കില്‍, ഞങ്ങള്‍ ശിവജിയുടെ വാളെടുത്ത് കഷണങ്ങളാക്കി വെട്ടിനുറുക്കും,” എന്നും എ.ബി.വി.പി നേതാവ് പ്രസംഗിച്ചിരുന്നു.

ഐ.പി.സി സെക്ഷന്‍ 295A (മതവികാരം വൃണപ്പെടുത്തല്‍) 504 (സമാധാനം നശിപ്പിക്കുന്ന തരത്തില്‍ ആളുകളെ അപമാനിക്കല്‍), 506 (ക്രമിനില്‍ കടന്നുകയറ്റം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് വിജയപുര പൊലീസ് സൂപ്രണ്ട് എച്ച്.ഡി. ആനന്ദ കുമാര്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here