ബെംഗളൂരു: കര്‍ണാടകയില്‍ വന്‍ വിവാദത്തിന് വഴിവെച്ച ഹിജാബ് നിരോധന വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് വിധി പറയും.
വിധിക്ക് മുന്നോടിയായി, സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവില്‍ ‘പൊതു സമാധാനവും ക്രമസമാധാനവും നിലനിര്‍ത്താന്‍’ സംസ്ഥാന സര്‍ക്കാര്‍ ഒരാഴ്ചത്തേക്ക് സമ്മേളനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. മംഗളൂരുവിലും മാര്‍ച്ച് 15 മുതല്‍ 19 വരെ വലിയ കൂട്ടായ്മകള്‍ നിരോധിച്ചിട്ടുണ്ട്. ഉഡുപ്പി ജില്ലാ ഭരണകൂടം ഇന്ന് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പതിനൊന്ന് ദിവസത്തെ തുടര്‍ച്ചയായ വാദം കേള്‍ക്കലിന് ശേഷം ഫെബ്രുവരി 25ന് വിധി പറയാന്‍ കേസ് മാറ്റിവെച്ചിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.
ഹിജാബ് ധരിച്ച് എത്തിയ ആറ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ- യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ് നടപടി എടുത്തിരുന്നു. ആറ് വിദ്യാര്‍ത്ഥിനികളേയും ക്ലാസില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. ഇതിനെതിരെ വിദ്യാര്‍ത്ഥിനികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ കര്‍ണാടകയില്‍ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു.