ഹിജാബ് വിലക്ക്: നാളെ കര്‍ണാടക ബന്ദ്

0
398

മംഗളൂരു: കര്‍ണാടക സര്‍ക്കാറിന്റെ ഹിജാബ് നിരോധനം ശരിവെച്ച ഹൈകോടതി വിധിക്കെതിരേ പ്രതിഷേധം കനക്കുന്നു. വിവിധ സംഘടനകള്‍ സംയുക്തമായി നാളെ (17.03.2022) കര്‍ണാടക ബന്ദ് പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. കര്‍ണ്ണാടകയിലെ പ്രധാന പത്ത് സംഘടനകളാണ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ഹൈക്കോടതി വിധിക്കെതിരേ വിദ്യാര്‍ഥിനികള്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയതിനു പിന്നാലെ പ്രത്യക്ഷ പ്രതിഷേധവുമായി ഒട്ടേറെ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഹിജാബ് വിലക്ക് ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധി മൗലികാവകാശ ലംഘനമെന്നതിലുപരി ശരീഅത്ത് വിരുദ്ധമാണെന്നാണ് പൊതു വിലയിരുത്തല്‍.

വിശുദ്ധ ഖുര്‍ആനും ഇസ്‌ലാമിക വ്യക്തി നിയമവും നിരാകരിക്കുന്നതാണ് കോടതി വിധിയെന്ന് കര്‍ണാടക വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാഫി സഅദി പറഞ്ഞു. വിധിക്കെതിരേ നേരിട്ട് രംഗത്തിറങ്ങാന്‍ കര്‍ണാടക വഖഫ് ബോര്‍ഡിധ് പരിമിതിയുണ്ട്. എന്നാല്‍, ഹിജാബ് നിരോധനത്തിനെതിരായ നിയമ പോരാട്ടങ്ങളെ പിന്തുണക്കുമെന്നും അദ്ധേഹം അറിയിച്ചു.

കര്‍ണ്ണാടക വഖഫ് ബോര്‍ഡ് ഇന്നലെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. പ്രമുഖ അഭിഭാഷകരുമായും വഖഫ് ബോര്‍ഡ് ചര്‍ച്ച നടത്തി. ശിരോവസ്ത്രം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും ക്ലാസില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഉഡുപ്പി ഗവ. പിയു വനിത കോളജിലെയും കുന്ദാപുര ഭണ്ഡാര്‍ക്കര്‍ കോളജിലെയും വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജികളാണ് ഇന്നലെ കര്‍ണാടക ഹൈക്കോടതി തള്ളിയത്.

ശിരോവസ്ത്രം ധരിക്കുന്നത് ഇസ്‌ലാം മതവിശ്വാസത്തില്‍ നിര്‍ബന്ധമുള്ള കാര്യമല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം ധരിക്കണമെന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധം പിടിക്കാനാകില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങിയ ഹൈക്കോടതി വിശാല ബെഞ്ചിന്റെ പരാമര്‍ശം.

LEAVE A REPLY

Please enter your comment!
Please enter your name here