ഹിജാബ് നിരോധനത്തെ വെല്ലുവിളിച്ചവര്‍ തീവ്രവാദികളും ദേശവിരുദ്ധരും; ഹൈക്കോടതിയെ സമീപിച്ച വിദ്യാര്‍ത്ഥിനികളെ അധിക്ഷേപിച്ച് ബി.ജെ.പി നേതാവ്

0
280

ഉഡുപ്പി: ഹിജാബ് നിരോധനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച വിദ്യാര്‍ത്ഥിനികള്‍ ദേശവിരുദ്ധരും തീവ്രവാദ സംഘടനകളിലെ അംഗങ്ങളുമാണെന്നും ബി.ജെ.പി നേതാവ്. മുതിര്‍ന്ന ബി.ജെ.പി നേതാവും ഉഡുപ്പി ഗവണ്‍മെന്റ് പ്രീ-യൂണിവേഴ്‌സിറ്റി കോളേജ് വികസന സമിതി വൈസ് പ്രസിഡന്റുമായ യശ്പാല്‍ സുവര്‍ണയാണ് വിദ്യാര്‍ത്ഥിനികളെ അധിക്ഷേപിച്ചുള്ള പരാമര്‍ശം നടത്തിയത്.

‘തങ്ങള്‍ വിദ്യാര്‍ത്ഥിനികളല്ലെന്നും തീവ്രവാദ സംഘടനയിലെ അംഗങ്ങളാണെന്നും ഈ പെണ്‍കുട്ടികള്‍ തെളിയിച്ചു. ഹൈക്കോടതി വിധിക്കെതിരെ സംസാരിച്ചതിലൂടെ അവര്‍ പണ്ഡിതരായ ജഡ്ജിമാരെ അവഗണിക്കുകയാണ്. അവരുടെ പ്രസ്താവനകള്‍ കോടതിയലക്ഷ്യത്തിന് തുല്യമാണ്,’ ബി.ജെ.പി ഒ.ബി.സി മോര്‍ച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ സുവര്‍ണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘വിധിയെ രാഷ്ട്രീയ പ്രേരിതമെന്നും നിയമവിരുദ്ധമെന്നും വിളിച്ച ഈ വിദ്യാര്‍ത്ഥിനികളില്‍ നിന്നും രാജ്യത്തിനായി എന്ത് പ്രതീക്ഷിക്കാനാണ്? അവര്‍ ദേശവിരുദ്ധരെന്ന് തന്നെ തെളിയിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ നന്മക്കായുള്ള വിധി സുപ്രീം കോടതിയില്‍ നിന്നും പുറപ്പെടുവിക്കും എന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള വിവിധ ഹരജികള്‍ കര്‍ണാടക ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയതോടെ പല വിദ്യാര്‍ത്ഥിനികളുടെയും വിദ്യാഭ്യാസം ചോദ്യചിഹ്നമായിരിക്കുകയാണ്. ചിലര്‍ പഠനം നിര്‍ത്തുകയോ കോളേജ് മാറുകയോ ചെയ്തു.

കോടതി വിധിയെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥിനികളാണ് കോളേജുകളില്‍ നിന്നും ട്രാന്‍സ്ഫര്‍ വാങ്ങി പോയത്. ഒരുപാട് പേര്‍ വീട്ടില്‍ തന്നെ ഇരിക്കുകയാണ്.

ഇസ്‌ലാമില്‍ ഹിജാബ് അനിവാര്യമായ ഒരു ആചാരമല്ലെന്നും യൂണിഫോം നിര്‍ദേശിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കാണിച്ചായിരുന്നു ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

ഹിജാബ് നിരോധനം കര്‍ണാടകയില്‍ വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. ഹിജാബ് ധരിച്ച് എത്തിയ ആറ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ- യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ് നടപടി എടുത്തിരുന്നു.

ആറ് വിദ്യാര്‍ത്ഥിനികളേയും ക്ലാസില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. ഇതിനെതിരെ വിദ്യാര്‍ത്ഥിനികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here