ചെന്നൈ: ഹിജാബ് ഇസ്‌ലാമില്‍ അനിവാര്യമാണെന്ന് പറയുന്നത് ജോലി ചെയ്യുന്ന മുസ്‌ലിം സ്ത്രീകളോടുള്ള അവഹേളനമാണെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിങ്ക് എഡ്യൂ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി മുസ്‌ലിം സ്ത്രീകള്‍ തടസങ്ങള്‍ തകര്‍ത്ത് സുരക്ഷാ സേനയില്‍ ചേരാന്‍ വരെ പോയിട്ടുണ്ട്. ഹിജാബ് ഇസ്ലാമില്‍ അന്തര്‍ലീനമാണ് എന്ന് പറയുന്നത് അവരോട് ചെയ്യുന്ന ദ്രോഹമാണ്. അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാന തത്വം പിന്തുടരാന്‍ കഴിയാത്തതിന്റെ കുറ്റബോധത്തിലേക്ക് അത് അവരെ തള്ളിവിടും, അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ അടുത്തിടെയുണ്ടായ ഹിജാബ് വിവാദത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശം നടത്തി.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവരുടേതായ ഡ്രസ് കോഡ് നിര്‍ദ്ദേശിക്കാമെന്നും ഇത് വളരെക്കാലമായി നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇതൊരു വിവാദമല്ല, ഗൂഢാലോചനയാണെന്ന നിലപാടാണ് എനിക്കുള്ളത്, അദ്ദേഹം പറഞ്ഞു.
ഇത്തരം ഗൂഢാലോചനകള്‍ മുസ് ലിം സ്ത്രീകളുടെ തൊഴില്‍ സാധ്യത പരിമിതപ്പെടുത്തുന്നതാണെന്നും വിദ്യാഭ്യാസത്തോടുള്ള താല്‍പര്യം കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ ഒരു കോളേജില്‍ ഹിജാബ് ധരിച്ചതിന്റെ പേരില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ ആരംഭിച്ചത്.