കോയമ്പത്തൂർ: നടനും എംപിയുമായ സുരേഷ് ഗോപിയുടെ പേര് പറഞ്ഞ് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ സഹോദരൻ സുനിൽ ഗോപി അറസ്റ്റിൽ. കോടതി വിൽപന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം മറച്ചുവച്ച് ഭൂമി വിൽക്കാൻ ശ്രമിക്കുകയും നൽകിയ അഡ്വാൻസ് തുക തിരിച്ച് നൽകാതിരിക്കുകയും ചെയ്തുവെന്ന ഗിരിധരൻ എന്നയാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കേസിൽ കോയമ്പത്തൂരിലെ ജില്ലാ ക്രൈംബ്രാഞ്ച് പൊലീസാണ് സുനിൽ ഗോപിയെ അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോൾ റിമാന്റിലാണ്.
അതേസമയം സുനിൽ ഗോപിക്കെതിരെ കൂടുതൽ വെളിപ്പെടുത്തൽ പുറത്തുവരുന്നുണ്ട്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ എസ് രാജൻ എന്ന പരാതിക്കാരാനാണ് വെളിപ്പെടുത്തൽ നടത്തിയത്. 4.5 ഏക്കർ സ്ഥലത്തിന് സുനിൽ ഗോപി 97 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പുതിയ വെളിപ്പെടുത്തുന്നത്. സുരേഷ് ഗോപിയുടെ പേര് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. സുനിൽ ഗോപിയുടെ അക്കൗണ്ടിലേക്ക് 72 ലക്ഷം രൂപയും സുനിൽ ഗോപിയുടെ സുഹൃത്തുക്കളായ റീനയ്ക്കും ശിവദാസിനും 25 ലക്ഷം രൂപയും നൽകിയെന്നുമുള്ള വെളിപ്പെടുത്തലുകളും പുറത്തുവരുന്നുണ്ട്.
കോയമ്പത്തൂരിലെ നവകാരൈയിൽ മയില്‍ സ്വാമി എന്നയാളുടെ ഉടമസ്ഥതയിലുള്ള 4.52 ഏക്കര്‍ ഭൂമി സുനില്‍ ഗോപി വാങ്ങിയിരുന്നു. ഭൂമി ഇടപാടിന്റെ രജിസ്‌ട്രേഷന്‍ അസാധുവാണെന്ന് കോടതി പ്രഖ്യാപിച്ച കാര്യം മറച്ചുവച്ച് ഗിരിധരന്‍ എന്നയാള്‍ക്ക് സുനിൽ ഭൂമി മറിച്ചുവിറ്റുവെന്നാണ് പരാതി. ഇടപാടിൽ 97 ലക്ഷം രൂപ സുനിൽ കൈപ്പറ്റിയെന്നും പരാതിക്കാരൻ ആരോപിക്കുന്നു. കോടതിയിൽ ഹാജരാക്കിയ സുനിലിനെ റിമാൻഡ് ചെയ്തു.