സവര്‍ക്കറിന്റെ ജീവിതം സിനിമയാകുന്നു; നന്ദിയുമായി ബാറ്റ ചെരിപ്പ് കമ്പനി

0
389

ഹിന്ദു മഹാസഭാ നേതാവ് വി.ഡി സവര്‍ക്കറിന്റെ ജീവിതം സിനിമയാകുന്നു എന്ന വാര്‍ത്തയ്ക്ക് താഴെ നന്ദിയുമായി ചെരിപ്പ് കമ്പനി ബാറ്റ. സ്വതന്ത്ര വീര സവര്‍ക്കര്‍ എന്ന ബോളിവുഡ് സിനിമയെ സംബന്ധിച്ചുള്ള ന്യൂസ് 18ന്റെ വാര്‍ത്തയ്ക്ക് താഴെയാണ് ബാറ്റ നന്ദിയുമായെത്തിയത്.

‘അഭിനന്ദനത്തിന് നന്ദി. ഞങ്ങളുമായി എപ്പോഴും ചേര്‍ന്ന് തന്നെ നില്‍ക്കുക. ബാറ്റയില്‍ നിന്നും ഷോപ്പിംഗ് ചെയ്യുന്നത് തുടരുക,’ എന്നായിരുന്നു ബാറ്റയുടെ വെരിഫൈഡ് അക്കൗണ്ടില്‍ നിന്നും കമന്റ് ചെയ്തിട്ടുള്ളത്.

ബാറ്റയുടെ കമന്റിന് പിന്നാലെ നിരവധി റിപ്ലേ കമന്റുകളും എത്തുന്നുണ്ട്. ‘ഈ നൂറ്റാണ്ടിന്റെ ട്രോള്‍’ ‘ഇനി മിത്രങ്ങള്‍ ബാറ്റയും നിരോധിക്കും’ ഡേയ് ബാറ്റേ, രാജ്യദ്രേഹക്കുറ്റം ചുമത്തി അകത്താക്കട്ടെ’ തുടങ്ങിയ കമന്റുകളാണ് എത്തുന്നത്.

സവര്‍ക്കറിന്റെ ജീവിതം സിനിമയാവുന്നതിനെ കുറിച്ചുള്ള പ്രഖ്യാപനം വന്നതുമുതല്‍ വിമര്‍ശനങ്ങളും അതുപോലെ ട്രോളുകളും ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസ,മായിരുന്നു ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായത്. ‘സ്വതന്ത്ര വീര സവര്‍ക്കര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സവര്‍ക്കറായി എത്തുന്നത് രണ്‍ദീപ് ഹൂഡയാണ്. ഈ വര്‍ഷം ജൂണില്‍ ചിത്രീകരണം ആരംഭിക്കാനാണ് നീക്കം.

മഹേഷ് വി. മഞ്ജരേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അവഗണിച്ച ചില കാര്യങ്ങള്‍ പറയാന്‍ ഇതാണ് ശരിയായ സമയമെന്ന് മഹേഷ് വി. മഞ്ജരേക്കര്‍ പറഞ്ഞു.

ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് സവര്‍ക്കറെന്നും അദ്ദേഹമായി അഭിനയിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്നും രണ്‍ദീപ് ഹൂഡ പറഞ്ഞു. ‘നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതില്‍ പങ്ക് വഹിച്ച നിരവധി നായകന്മാരുണ്ട് . എന്നിരുന്നാലും, എല്ലാവര്‍ക്കും അവരുടെ പങ്കിന്റെ പ്രാധാന്യം ലഭിച്ചിട്ടില്ല.

ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെടുന്നതും സ്വാധീനിച്ചതുമായ വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിത കഥ പറയേണ്ടതുണ്ട്. തന്നെ ആ കഥാപാത്രം ചെയ്യാന്‍ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്,’ രണ്‍ദീപ് ഹൂഡ പറഞ്ഞു.

ലണ്ടന്‍, മഹാരാഷ്ട്ര, ആന്‍ഡമാന്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിംഗ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ആനന്ദ് പണ്ഡിറ്റ് മോഷന്‍ പിക്ചഴ്സ്, ലെജന്റ് സ്റ്റുഡിയോസ് എന്നീ ബാനറിലാണ് നിര്‍മാണം. രൂപ പണ്ഡിറ്റും ജയ പാണ്ഡ്യയുമാണ് സഹ നിര്‍മാതാക്കള്‍. സ്വതന്ത്ര വീര സവര്‍ക്കര്‍ എന്ന സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയാകും അഭിനയിക്കുക എന്ന് അറിവായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here