സമൂഹത്തിനായി നീക്കിവച്ച ജീവിതം; ഇനിയില്ല ലീഗിന്റെ സ്വന്തം ആറ്റപ്പു

0
222

പാണക്കാട് കൊടപ്പനയ്‌ക്കൽ തറവാട്ടിലെ തങ്ങന്മാരുടെയെല്ലാം പേരുകളിൽ ആറു ഭാഗങ്ങളാണുള്ളത്; ഇതിൽ അഞ്ചും ഒരേ നാമങ്ങളാണ്. മധ്യഭാഗത്തെ ഒരു പദം മാത്രം ഓരോരുത്തർക്കായി മാറുന്നു. തങ്ങന്മാരുടെ വിശേഷങ്ങളും ഇങ്ങനെത്തന്നെ. ശാരീരിക രൂപത്തിൽ മാത്രമേയുള്ളൂ മാറ്റം. പതിഞ്ഞ ശബ്‌ദവും മിതമായ വാക്കുകളും മായാത്ത പുഞ്ചിരിയും വിരാമമില്ലാത്ത സാന്ത്വനവും സ്‌നേഹവും മതസൗഹാർദത്തിനായി മിടിക്കുന്ന ഹൃദയവും എല്ലാവരും ഒരുപോലെ പങ്കിട്ടെടുക്കുന്നു. ഈ പാരമ്പര്യങ്ങളുടെയെല്ലാം വക്‌താവായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും.

സമൂഹത്തിനായി നീക്കിവച്ചതായിരുന്നു ഹൈദരലി തങ്ങളുടെ ജീവിതം. അനേകം മഹല്ലുകളടങ്ങുന്ന വയനാട് ജില്ലയുടെ ഖാസി, പണ്ഡിത സംഘടനയായ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമായുടെ പോഷകസംഘടനകളായ എസ്‌വൈഎസിന്റെ പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷന്റെ സെക്രട്ടറി, ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിന്റെ ട്രഷറർ, ജാമിഅ നൂരിയ്യ അറബിക് കോളജ് ജനറൽ സെക്രട്ടറി, ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക് അക്കാദമി പ്രസിഡന്റ്, താനൂർ വരക്കൽ മുല്ലക്കോയ തങ്ങൾ സ്‌മാരക യതീംഖാന പ്രസിഡന്റ് തുടങ്ങിയ സ്‌ഥാനങ്ങളും ഹൈദരലി തങ്ങൾ വഹിച്ചിരുന്നു.

മുപ്പതാം വയസ്സിൽ പൂക്കൊളത്തൂർ മഹല്ല് പള്ളി, മദ്‌റസ എന്നിവയുടെ പ്രസിഡന്റായതാണ് ആദ്യ സ്‌ഥാനം. രണ്ടു വർഷത്തിനകം കരുവാരക്കുണ്ട് ദാറുന്നജാത്ത് അറബിക് കോളജ് പ്രസിഡന്റായി. നെടിയിരിപ്പ് പഞ്ചായത്തിലെ പോത്തുവെട്ടിപ്പാറയിലാണ് ആദ്യമായി ഖാസിയാകുന്നത്. സുന്നി വിദ്യാർഥി സംഘടനയായ എസ്‌എസ്‌ഫിന്റെ സ്‌ഥാപക പ്രസിഡന്റാണ്. 2019ൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഇളയ സഹോദരനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്തു.

പ്രതിസന്ധികൾ മറികടന്ന കുട്ടിക്കാലം

പ്രതിസന്ധികളുടേതായിരുന്നു ഹൈദരലി തങ്ങളുടെ കുട്ടിക്കാലം. രണ്ടു വയസ്സുള്ളപ്പോഴാണ് പിതാവ് പൂക്കോയ തങ്ങളെ പൊലീസ് അറസ്‌റ്റ് ചെയ്‌ത സംഭവം. ഹൈദരാബാദ് ആക്‌ഷന്റെ പേരിലായിരുന്നു പൊലീസിന്റെ അനാവശ്യ നടപടി. പുലർച്ചെ കൊടപ്പനയ്‌ക്കൽ തറവാട്ടിലെത്തിയ പൊലീസ് മലപ്പുറം സ്‌റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അറസ്‌റ്റാണെന്നു പിന്നീടാണു മനസ്സിലായത്. വിവരമറിഞ്ഞ് ഇരമ്പിയെത്തിയ ജനക്കൂട്ടത്തെ പൊലീസിന്റെ അഭ്യർഥനയനുസരിച്ചു പൂക്കോയ തങ്ങൾ തന്നെ ശാന്തമാക്കി.

തുടർന്ന് മഞ്ചേരി സബ് ജയിലിൽ രണ്ടു ദിവസവും കോഴിക്കോട് ജയിലിൽ രണ്ടാഴ്‌ചയും പൂക്കോയ തങ്ങൾ കഴിഞ്ഞു. പാണക്കാട് തറവാട്ടിൽ അരക്ഷിതത്വത്തിന്റെ നാളുകളായിരുന്നു അത്. ജ്യേഷ്‌ഠൻ മുഹമ്മദലി ശിഹാബ് തങ്ങൾ അന്നു കോഴിക്കോട്ട് പഠിക്കുകയാണ്. ഉമറലി തങ്ങൾ ഏഴു വയസ്സുള്ള കുട്ടിയും. അടുത്ത വർഷമായിരുന്നു ഉമ്മ ആയിഷ ചെറുകുഞ്ഞിബീവിയുടെ മരണം. ഉപ്പയുടെ സഹോദരി മുത്തുബീവിയായിരുന്നു പിന്നീട് ഹൈദരലി തങ്ങളെ വളർത്തിയത്. ‘ഉമ്മയെപ്പോലെ തന്നെയാണ് അവർ എന്നെ വളർത്തിയത്. എണ്ണതേച്ച് കുളിപ്പിക്കാനും ആരോഗ്യം പരിപാലിക്കാനും അവർ ശ്രദ്ധിച്ചു. ഉമ്മയുടെ അസാന്നിധ്യം അറിയിക്കാതെയാണു വളർത്തിയത്.’–ഒരു അഭിമുഖത്തിൽ ഹൈദരലി തങ്ങൾ പറഞ്ഞിട്ടുണ്ട്.

‘പിതാവിനെപ്പോലെയായിരുന്നു ജ്യേഷ്ഠൻ’

കോഴിക്കോട് എംഎം ഹൈസ്‌കൂളിൽനിന്ന് എസ്‌എസ്‌എൽസി പാസായി. കാന്നല്ലൂർ, പട്ടർനടക്കാവ്, പൊന്നാനി മഊനത്തുൽ ഇസ്‌ലാം എന്നിവിടങ്ങളിൽ മതപഠനത്തിനു ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽനിന്ന് 1975ൽ ‘ഫൈസി’ ബിരുദം നേടി. ശിഹാബ് തങ്ങളെപ്പോലെ വിദേശത്തുപോയി പഠിക്കണമെന്ന ആഗ്രഹം ഹൈദരലി തങ്ങൾക്കുമുണ്ടായിരുന്നു. പ്രവാചകനഗരിയായ മദീനയായിരുന്നു ലക്ഷ്യം. പക്ഷേ, ജാമിഅ പഠനം പൂർത്തിയാക്കി തിരിച്ചെത്തിയ വർഷമാണ് പിതാവിന് അർബുദ രോഗബാധ സ്‌ഥിരീകരിച്ചത്. പിന്നെ, മാസങ്ങൾക്കകം വേർപാടും.

‘പിതാവ് മരിച്ചപ്പോൾ ഞങ്ങൾക്കിനിയാരുണ്ടെന്നു വേദനിച്ചു കരഞ്ഞപ്പോൾ, ജ്യേഷ്‌ഠനാണു തലോടി ആശ്വസിപ്പിച്ചത്. മക്കളുടെ കല്യാണക്കാര്യത്തിൽ ആലോചന നടന്നപ്പോഴാണ് ആ സാന്നിധ്യം ഏറ്റവുമധികം തുണയായത്. എപ്പോൾ, എന്തു ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞുതന്നു. ആരെയൊക്കെ ക്ഷണിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. പിതാവിനെപ്പോലെ അദ്ദേഹം പ്രവർത്തിച്ചു…’–ഒരിക്കൽ ഹൈദരലി തങ്ങൾ പറഞ്ഞു.

അളന്നു തൂക്കിയെടുത്തതായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടെ പ്രസംഗം. കൂടുതലുമില്ല, കുറവുമില്ല, പറയാനുള്ള കാര്യങ്ങൾ കിറുകൃത്യം–സൗമ്യം, ദീപ്‌തം. പാവപ്പെട്ടവർക്കു വേണ്ടിയുള്ള പ്രവർത്തനം, വിദ്യാഭ്യാസ പുരോഗതി, മതസൗഹാർദം തുടങ്ങി ജനനന്മ ലക്ഷ്യമിട്ടായിരുന്നു‌ ഹൈദരലി തങ്ങളുടെ ജീവിതം. അതിനാൽത്തന്നെ സമുദായത്തിനും പാർട്ടിക്കും പൊതുസമൂഹത്തിനും വലിയ നഷ്ടമാവുകയാണ് ആ വിയോഗം. മലപ്പുറം പുതിയ മാളിയേക്കൽ വീടിന്റെ വരാന്തയിൽ ഇനിയില്ല ലീഗിന്റെ സ്വന്തം ആറ്റപ്പു…

LEAVE A REPLY

Please enter your comment!
Please enter your name here