സംസാരം അവസാനിപ്പിച്ചത് മകന് ചുംബനം നല്‍കി; ദുരൂഹത നീങ്ങാതെ റിഫയുടെ മരണം

0
685

ബാലുശ്ശേരി ∙ വ്‌ളോഗറും ആൽബം താരവുമായ പാവണ്ടൂർ മന്ദലത്തിൽ അമ്പലപ്പറമ്പിൽ റിഫ മെഹ്നുവിന്റെ (21) ദുരൂഹമരണത്തിൽ ആശങ്ക അകലാതെ ബന്ധുക്കളും നാട്ടുകാരും. ദുബായ് ജാഫിലിയയിലെ ഫ്ളാറ്റിൽ കഴിഞ്ഞ ദിവസമാണു റിഫയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇന്നു നാട്ടിൽ കബറടക്കും. ആത്മഹത്യയാണെന്ന വിവരമാണു  ദുബായിലെ  പോസ്റ്റ്മോർട്ടത്തിനു ശേഷം  ലഭിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു.

അതേസമയം, ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. മരിക്കുന്നതിനു മുൻപ് രാത്രി ഒൻപതോടെ റിഫ വിഡിയോകോളിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ജോലി സ്ഥലത്തു നിന്നാണു വിളിക്കുന്നതെന്ന് പറഞ്ഞു മകന് ചുംബനം നൽകിയാണു സംസാരം അവസാനിപ്പിച്ചത്. അതിനു ശേഷം കടുംകൈ ചെയ്യാൻ വിധത്തിൽ മാനസികമായ തളർന്നത് എങ്ങനെ എന്നാണു ബന്ധുക്കൾ ചോദിക്കുന്നത്.

തിങ്കളാഴ്ച രാത്രി കൂട്ടുകാരോടൊപ്പം പുറത്തു ഭക്ഷണം കഴിക്കാൻ പോയ ഭർത്താവ് മെഹ്നാസ് തിരികെ ഫ്ളാറ്റിലെത്തിയപ്പോൾ, ജോലി കഴിഞ്ഞെത്തിയ റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണു ബന്ധുക്കളെ അറിയിച്ചത്. ഭർത്താവ് പൊട്ടിക്കരഞ്ഞുകൊണ്ടു റിഫയുടെ മരണവിവരം വിഡിയോ സ്റ്റോറിയായി പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ വിഡിയോ പിന്നീട് നീക്കം ചെയ്തിട്ടുണ്ട്.

വ്ളോഗറും ആൽബം അഭിനേതാവുമായിരുന്ന മെഹ്നാസിനെ റിഫ ഇൻസ്റ്റഗ്രാമിലൂടെയാണു പരിചയപ്പെട്ടത്. 3 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഒന്നര വയസ്സുള്ള മകനെ വീട്ടുകാരെ ഏൽപിച്ചാണു റിഫ ഗൾഫിലേക്കു പോയത്. റിഫയും ഭർത്താവും ഒരുമിച്ച് ബുർജ് ഖലീഫയ്ക്കു മുൻപിൽ നിന്ന് എടുത്ത വിഡിയോയാണു അവസാനമായി ഇവർ പോസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here