ലക്‌നൗ: ഉത്തര്‍പ്രദേശിലെ മഥുരയിലെ ഷാഹി മസ്ജിദ് ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി അലഹബാദ് ഹൈക്കോടതി പുനസ്ഥാപിച്ചു.
2021 ജനുവരി 19ന് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാല്‍, ജസ്റ്റിസ് പ്രകാശ് പാഡിയ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയ ഹരജിയാണ് ഇപ്പോള്‍ പരിഗണിച്ചത്. ഹരജി ജൂലൈ 25ന് കോടതി പരിഗണിക്കും.
ആഴ്ചയിലെ ചില ദിവസങ്ങളിലും ജന്മാഷ്ടമിയിലും ഹിന്ദുക്കളെ മസ്ജിദില്‍ ആരാധിക്കാന്‍ അനുവദിക്കുന്നതിന് ഇടക്കാല ഇളവ് ആവശ്യപ്പെട്ടാണ് ഹരജി. 16ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബ് തകര്‍ത്ത കത്ര കേശവദേവ് ക്ഷേത്രം ഇവിടെയുണ്ടായിരുന്നുവെന്നും അതിന് പകരം ഷാഹി മസ്ജിദ് പണിതതായും ഹരജിയില്‍ പറയുന്നു. മഥുരയിലെ ഷാഹി മസ്ജിദ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ കൃഷ്ണ ജന്മസ്ഥാനത്താണ് നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ മെഹക് മഹേശ്വരിയാണ് ഹരജി സമര്‍പ്പിച്ചത്.
‘ഔറംഗസേബ് കൃഷ്ണ ജന്മഭൂമി തകര്‍ത്തതിന് ശേഷമാണ് ഷാഹി ഈദ്ഗാ മസ്ജിദ് നിര്‍മിച്ചതെന്ന് മഥുര ജില്ലയിലെ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നുണ്ട്.
കൃഷ്ണ ജന്മഭൂമിയിലെ കൃഷ്ണ ജന്മഭൂമിക്ക് എല്ലാ പള്ളികളേക്കാളും അതിരുകടന്ന അവകാശമുണ്ട്. ഇതാണ് കൃഷ്ണ ജന്മഭൂമി തര്‍ക്കത്തിലെ അടിസ്ഥാന സത്യം,’ ഹരജിക്കാരന്‍ അവകാശപ്പെട്ടു.
ഏതെങ്കിലും ആരാധനാലയം മാറ്റുന്നത് നിരോധിക്കുകയും സ്വാതന്ത്ര്യം ലഭിച്ച സമയത്ത് നിലനിന്നിരുന്ന ഏതെങ്കിലും ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം നിലനിര്‍ത്താന്‍ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്ന ആരാധനാലയ നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ഒരു പള്ളി ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്നും എന്നാല്‍ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ഒരു ആരാധനാലയം തകര്‍ന്നുകിടക്കുകയാണെങ്കില്‍പ്പോലും അവരുടെ പ്രാര്‍ത്ഥനയുടെ ഉദ്ദേശ്യത്തിന് അത് പ്രധാനമാണെന്നും ഹരജിയില്‍ പറയുന്നു.
കൃഷ്ണ ജന്മഭൂമി തര്‍ക്കത്തില്‍ ഷാഹി ഈദ്ഗാഹ് മസ്ജിദിനുള്ളിലും സമീപത്തെ റോഡിലും നമസ്‌കാരം നിര്‍ത്താന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ശ്രീകൃഷ്ണ ജന്മഭൂമി മുക്തി ആന്ദോളന്‍ സമിതി മഥുര കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.