ഷാരൂഖ് ഖാനും കുടുംബത്തിനും ആശ്വാസം; ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് എൻസിബിയും

0
244

മുംബൈ: ലഹരി മരുന്ന് കേസിൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനും കുടുംബത്തിനും ആശ്വാസം. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരെ കേസിൽ തെളിവില്ലെന്ന് നാർകോടിക്സ് കൺട്രോൾ ബ്യൂറോ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡ് ക്രമവിരുദ്ധമാണെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

റെയ്ഡ് നടപടികൾ ചിത്രീകരിച്ചില്ലെന്നതാണ് എൻസിബി പ്രധാന പിഴവായി ചൂണ്ടിക്കാട്ടുന്നത്. ആര്യൻ ഖാനിൽ നിന്ന് ലഹരിമരുന്ന് പിടിച്ചില്ല. മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ പാടില്ലായിരുന്നു. ചാറ്റുകൾ പരിശോധിച്ചതിൽ ലഹരി മാഫിയയുമായി ബന്ധം തെളിയിക്കുന്നതൊന്നുമില്ലെന്നും ഗൂഢാലോചനാ വാദവും നിലനിൽക്കാത്തതാണെന്നും എൻസിബി കണ്ടെത്തി. രണ്ട് മാസത്തിനകം എസ്ഐടി റിപ്പോർട്ട് സമർപ്പിക്കും.

ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടി നടക്കവേ ആയിരുന്നു അറസ്റ്റ്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു. ഒരുമാസത്തെ ജയിൽ വാസത്തിന് ശേഷം ആര്യന് ജാമ്യവും ലഭിച്ചു. ഷാരൂഖിന്റെ അടുത്ത സുഹൃത്ത് കൂടിയായ ജൂഹിയാണ്  കേസിൽ ആര്യൻ ഖാന് കോടതിയിൽ ജാമ്യം നിന്നത്.

രാജ്യം വിട്ടു പോകരുത്, പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം തുടങ്ങിയ14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യൻ അടക്കമുള്ള മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചത്. ആര്യനു വേണ്ടി മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗിയാണ് ഹൈക്കോടതിയിൽ ഹാജരായത്. ആര്യനിൽ ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here