എന്ത് കിട്ടിയാലും വാട്‌സ്ആപ്പിൽ ഫോർവേഡ് ചെയ്യുന്ന ആളുകൾ ഒരുപാടാണ്. ഒരേസമയം അഞ്ച് ചാറ്റുകളിലേക്ക് ഒരു സന്ദേശം അയക്കാനുള്ള സൗകര്യം വാട്‌സ്ആപ്പിലുള്ളത് അത് ഏറ്റവും എളുപ്പമാക്കുന്നുമുണ്ട്. എന്നാൽ, അത്തരം ഫോർവേഡ് വീരന്മാർക്ക് പണിയുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്.
ഒരേസമയം അഞ്ച് ചാറ്റുകളിലേക്കോ ഗ്രൂപ്പുകളിലേക്കോ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യാൻ അനുവദിക്കുന്ന ഫീച്ചറിൽ നിയന്ത്രണം കൊണ്ടുവരുമെന്ന് വാട്‌സ്ആപ്പ് ട്രാക്കറായ WABetaInfo ഒരു ട്വിറ്റർ പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി. വാട്‌സ്ആപ്പിന്റെ v2.22.7.2 എന്ന വേർഷനിലായിരിക്കും പുതിയ മാറ്റം വരികയെന്നും അവർ സൂചന നൽകുന്നു.
ഒരു സന്ദേശം ഒരേ സമയം ഒരു ഗ്രൂപ്പിലേക്ക് മാത്രമായിരിക്കും ഫോർവേഡ് ചെയ്യാൻ സാധിക്കുക. എന്നാൽ, അതേ സന്ദേശം അഞ്ച് വ്യക്തികളുടെ ചാറ്റിലേക്ക് പങ്കുവെക്കാൻ കഴിയും. ഗ്രൂപ്പുകളിലേക്ക് അയക്കണമെങ്കിൽ ഓരോ തവണയായി ചെയ്യേണ്ടിവരും.
വ്യാജവാർത്തകളും ഗൂഢാലോചനാ വാദങ്ങളുമൊക്കെ, വലിയ രീതിയിൽ ആളുകൾക്കിടയിൽ പ്രചരിക്കുന്നതിൽ വാട്‌സ്ആപ്പിന് കാര്യമായ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ നിയന്ത്രണം കൊണ്ടുവരാൻ കമ്പനിയെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.