മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദെ മുസ്‌ലിമീൻ(എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീൻ ഉവൈസി. മുസ്‌ലിം രാഷ്ട്രീയ ശാക്തീകരണത്തിന് അദ്ദേഹം സമർപ്പിച്ച സംഭാവനകൾ ചെറുതായിക്കാണാനാകില്ലെന്ന് ഉവൈസി പറഞു.
ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് തലവൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗവാർത്ത ഏറെ ദുഃഖത്തോടെയാണ് കേൾക്കാനായത്. ഐ.യു.എം.എല്ലിനു മാത്രമല്ല, നമുക്കെല്ലാവർക്കും തീരാനഷ്ടമാണിത്. മുസ്‌ലിം രാഷ്ട്രീയ ശാക്തീകരണത്തിന് അദ്ദേഹം സമർപ്പിച്ച സംഭാവനകൾ ചെറുതല്ല. ദൈവം അദ്ദേഹത്തിന് പാപമുക്തി നൽകുകയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്ക് ക്ഷമ നൽകുകയും ചെയ്യട്ടെ-ഉവൈസി ഫേസ്ബുക്കിൽ കുറിച്ചു.
അർബുദബാധിതനായി എറണാകുളത്ത് ചികിത്സയിലായിരിക്കെയാണ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചത്. മൃതദേഹം പാണക്കാട്ടെ വീട്ടിലെത്തിച്ചിട്ടുണ്ട്. ബന്ധുക്കൾക്ക് മാത്രമാണ് ഇവിടെ ദർശനത്തിന് അവസരം നൽകുക. അരമണിക്കൂറാണ് മൃതദേഹം വീട്ടിലുണ്ടാകുക. തുടർന്ന് മലപ്പുറം ടൗൺഹാളിൽ പൊതുദർശനം നടക്കും. നേരത്തെ അങ്കമാലിയിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. അതിനുശേഷമാണ് മലപ്പുറത്തേക്ക് കൊണ്ടുവരുന്നത്.
ഖബറടക്കം നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാട് പള്ളി ഖബർസ്ഥാനിൽ നടക്കും. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. സമസ്തയുടെ ഉപാധ്യക്ഷനാണ്.