രണ്ടു വർഷത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്; ചൈനയിൽ വീണ്ടും പിടിമുറുക്കി കോവിഡ്

0
259

ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. ചെവ്വാഴ്ച് 5,280 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു വർഷത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന ക്കണക്കാണിതെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ പറഞ്ഞു.

ആരോഗ്യ കമ്മീഷന്റെ ഡാറ്റയനുസരിച്ച് വുഹാനിലെ ആദ്യവ്യാപനത്തിനു ശേഷമാണ് വീണ്ടും ഇത്തരത്തിൽ കോവിഡ് കേസുകൾ കൂടുന്നത്. കേസുകൾ വർധിച്ചതിനെത്തുടർന്ന് ഹോങ്കോങ് അതിർത്തിയിലുള്ള ഐടി വ്യവസായ നഗരമായ ഷെൻസെനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു.

വ്യപാരസ്ഥാപനങ്ങളും ഫാക്ടറികളും അടച്ചുപൂട്ടിയും ബസ്, ട്രെയിൻ ഗതാഗതം നിർത്തിവച്ചുമുള്ള ലോക്ഡൗൺ ആണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. ഷാങ്ഹായ്, ചാങ്ചുൻ നഗരങ്ങളിലും ഭാഗിക ലോക്ഡൗൺ ഉണ്ട്. വിവിധ പ്രവിശ്യകളിൽ പടരുന്നത് ഒമിക്രോണിന്റെ ബിഎ.2 വകഭേദമാണെന്നാണ് റിപ്പോർട്ട്.

നഗരത്തിലെ ഐഫോൺ നിർമാണ പ്ലാന്റ് പ്രവർത്തനം നിർത്തി. നഗരത്തിലെ ഓരോരുത്തരും 3 വട്ടം പരിശോധനയ്ക്കു വിധേയമാകണം. ഈ പരിശോധനയ്ക്കു വേണ്ടി മാത്രമേ വീട്ടിൽ നിന്നു പുറത്തിറങ്ങാൻ അനുമതിയുള്ളൂ.

ദിവസങ്ങൾക്ക് മുന്നേ യൂഷോ നഗരത്തിലെ 10 ലക്ഷം ആളുകളോട് അധികൃതർ വീടുകളിൽ കഴിയാൻ ആവശ്യപ്പെട്ടിരുന്നു. 2019ൽ ചൈനയിലാണ് ലോകത്താദ്യമായി കോവിഡ് കണ്ടെത്തിയത്. തുടർന്ന് ബോർഡറുകൾ അടച്ചും കൂട്ട പരിശോധന നടത്തിയും ലോക്ഡൗൺ കൊണ്ടു വന്നും ചൈന രോഗം നിയന്ത്രിക്കുകയായിരുന്നു.

ദീർഘകാല ലോക്ഡൗണുകൾ സാമ്പത്തികരംഗത്തെ ബാധിക്കുമെന്ന് ചൈനയുടെ കേന്ദ്ര എകണോമിക് പ്ലാനിങ് ഏജൻസി ഈയടുത്ത് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതര രാജ്യങ്ങളെ പോലെ കോവിഡിനൊത്ത് ജീവിക്കുകയാണ് വേണ്ടതെന്ന് ശാസ്ത്രഞ്ജർ കഴിഞ്ഞാഴ്ച ഓർമപ്പെടുത്തുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here