‘യൂണിഫോമിന്റെ നിറത്തിൽ ഹിജാബ് അനുവദിക്കൂ…’; പരിഹാര നിർദേശവുമായി കുമാരസ്വാമി

0
284

യൂണിഫോമിന്റെ നിറത്തിൽ ഹിജാബ് അനുവദിച്ച് വിവാദം അവസാനിപ്പിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നഷ്ടപ്പെട്ട അക്കാദമിക അന്തരീക്ഷം വീണ്ടെടുക്കാനും നിർദേശിച്ച് മുൻ മുഖ്യമന്ത്രിയും ജെ.ഡി.(എസ്) നിയമസഭാ കക്ഷി നേതാവുമായ കുമാരസ്വാമി. കേന്ദ്രീയ വിദ്യാലയങ്ങളിൽ ഹിജാബ് ഉപയോഗിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകുന്നുണ്ടെന്നും 2012 ലെ റൂളിങ് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

‘സംസ്ഥാന സർക്കാർ ഈ വിഷയം അനുകമ്പയോടെ പരിഗണിക്കുകയും വിവാദം എന്നെന്നേക്കുമായി അവസാനിപ്പിക്കുകയും ചെയ്യണം. ഹിജാബ് വിവാദത്തിലൂടെ കലുഷിതമായ കാമ്പസുകളിൽ അക്കാദമിക അന്തരീക്ഷം തിരിച്ചുകൊണ്ടുവരണം’ കുമാരസ്വാമി അഭിപ്രായപ്പെട്ടു. ഇരുഭാഗത്തും വിദ്യാർഥികളെ ഇളക്കിവിടുന്നവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും റിമോട്ട് കൺട്രോളുകളെ നശിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്സവസ്ഥലങ്ങളിൽ മുസ്‌ലിം കച്ചവടക്കാരെ നിരോധിച്ചതിനെതിരെ സ്ഥിതിഗതികൾ വഷളാകും മുമ്പ് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം നടപടികൾക്കെതിരെ പ്രതികരണങ്ങളുണ്ടാകുമെന്നും സമാധാന അന്തരീക്ഷം വീണ്ടെടുക്കാൻ മതനേതാക്കളുടെ യോഗം വിളിക്കണമെന്നും കുമാരസ്വാമി പറഞ്ഞു. അതേസമയം, ഹിജാബ് പ്രതിഷേധത്തിൽ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി എംഎൽഎ രഘുപതി ഭട്ട് ആവശ്യപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here