യുവാക്കൾക്ക് കല്യാണം കഴിക്കാൻ തീരെ താത്പര്യമില്ല, കുട്ടികളുണ്ടാക്കാനും വയ്യ; ചൈന നേരിടുന്നത് കടുത്ത പ്രതിസന്ധി, സർക്കാർ ശ്രമങ്ങളും വിഫലം

0
448

ബീജിംഗ്: വിവാഹ രജിസ്ട്രേഷനുകളുടെ എണ്ണത്തിൽ ചൈനയിൽ ഗണ്യമായ ഇടിവ് സംഭവിച്ചിരിക്കുകയാണ്. ഇതോടെ ചൈനയിലെ ജനന നിരക്ക് എക്കാലത്തെയും താഴ്ന്ന നിലയിലേയ്ക്ക് എത്തിയതായി റിപ്പോർട്ടുകൾ പുറത്തു വന്നു. ഇതോടെ കടുത്ത പ്രതിസന്ധി നേരിടുകയാണ് ചൈന. 2019-20 അപേക്ഷിച്ച് 17.5 ശതമാനം കുറവാണ് വിവാഹ രജിസ്ട്രേഷനുകളുടെ എണ്ണത്തിൽ വന്നിരിക്കുന്നത്.

തുടർച്ചയായ അഞ്ച് വർഷമായി ജിയാങ്‌സു പ്രവിശ്യയിൽ വിവാഹങ്ങളുടെ എണ്ണം കുറഞ്ഞു വരികയാണ്. ഷെജിയാങ് പ്രവിശ്യയുടെ തലസ്ഥാനമായ ഹാങ്‌സോ നഗരത്തിലും 2011നെ അപേക്ഷിച്ച് 80 ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്. അതേസമയം വിവാഹിതരായ ചൈനാക്കാരിൽ 46.5 ശതമാനം പേരും 30 വയസിന് മുകളിൽ പ്രായമുള്ളവരാണ്. ഇക്കാര്യങ്ങളും കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി നടപ്പിലാക്കിയ ഒറ്റക്കുട്ടി നയവുമാണ് ജനനനിരക്ക് കുറയാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നാഷണൽ ബ്യൂറോ ഒഫ് സ്റ്റാറ്റിസ്റ്റിക് ഒഫ് ചൈന പുറത്തുവിട്ട കണക്കുകൾ പ്രകാരം 1000പേർക്ക് 7.52 എന്ന തോതിലാണ് ജനനനിരക്ക് താഴ്ന്നിരിക്കുന്നത്.

ജനനസംഘ്യ കുറയുന്നത് മറികടക്കാൻ മൂന്ന് കുട്ടികൾ വരെയാകാമെന്ന നിയമത്തിന് കഴിഞ്ഞ ആഗസ്തിൽ ചൈന അംഗീകാരം നൽകിയിരുന്നു. ജനസംഖ്യ കണക്കെടുപ്പിൽ യുവാക്കളുടെ എണ്ണം വലിയ തോതിൽ കുറഞ്ഞതിനെ തുടർന്നാണ് ചൈന നിയമത്തിൽ ഭേദഗതി വരുത്തിയത്. എന്നിട്ടും കാര്യമായ പ്രയോജനമൊന്നും ഉണ്ടായിട്ടില്ല. യുവാക്കൾക്ക് വിവാഹത്തിനോടും കുട്ടികളോടും താത്പര്യമില്ല എന്നതാണ് ഇതിന് പ്രധാന കാരണം. ഒറ്റക്കുട്ടി നയത്തിന്റെ അനന്തരഫലങ്ങൾ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അബോർഷനുകളും വാസക്ടമികളും നിരുത്സാഹപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ വാഷിംഗ്ടൺ പോസ്റ്റ് നടത്തിയ അന്വേഷണത്തിൽ ഷാംഗ്ഹായ്, ബീജിംഗ്, ഗ്വാംഗ്ഷു എന്നിവിടങ്ങളിലെ പന്ത്രണ്ട് ആശുപത്രികളിൽ വാസക്ടമി നടത്തുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here