യുഎസിൽ കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ ബിഎ.2 (Omicron BA.2) എന്ന ഉപവകഭേദം വ്യാപകമായി പടരുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ നടത്തിയ കൊറോണ പരിശോധനാ ഫലങ്ങളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പ്രതിദിനം ശരാശരി 28,600 കൊവിഡ് കേസുകളാണ് യുഎസിൽ ഇപ്പോൾ രേഖപ്പെടുത്തുന്നത്.
അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ രോഗികളിൽ 50-70 ശതമാനം പേർക്കും ബാധിച്ചിരിക്കുന്നത് ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.2 ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ തരംഗത്തിന്റെ പ്രാരംഭ സൂചനകൾ ഉണ്ടായിരുന്നതായി സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഡയറക്ടർ റോഷെൽ വാലെൻസ്‌കി പറഞ്ഞു.
ഏതാനും നാളുകൾക്ക് മുമ്പ് യുകെയിലും ഒമിക്രോണിന്റെ ബിഎ.2 ഉപവകഭേദം ശക്തി പ്രാപിച്ചിരുന്നു. നിരവധി പേർ രോഗബാധിതരാകുന്നതിന് ഇത് കാരണമായി. കൂടുതൽ അപകടകാരിയല്ലെങ്കിലും ഒരിക്കൽ കൊറോണ വന്ന് പോയവർക്ക് വീണ്ടും ബാധിക്കാനുള്ള ശേഷി ഈ ഉപവകഭേദത്തിന് കൂടുതലാണെന്നും വിദഗ്ധർ പറയുന്നു.
യുഎസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് 19 കേസുകളിൽ ചെറിയ വർധനയും ഞങ്ങൾ കണ്ടു, പ്രത്യേകിച്ചും ബിഎ2 വേരിയന്റ് 50 ശതമാനത്തിന് മുകളിലെത്തിയിരുന്നുവെന്നും റോഷെൽ പറഞ്ഞു. രാജ്യത്തു പുതിയ കോവിഡ് തരംഗത്തിനു സാധ്യതയുണ്ടെന്ന് വിദഗ്ധർ പറഞ്ഞു.