നര്‍മദാപുരം: മധ്യപ്രദേശില്‍ മുസ്‌ലിം പള്ളിക്ക് കാവി നിറം പൂശിയതായി പരാതി. ഹോഷങ്കാബാദ് ജില്ലയിലെ നര്‍മദാപുരത്ത് ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് പച്ച നിറത്തിലായിരുന്ന മുസ്‌ലിം പള്ളിക്ക് കാവി നിറം പൂശിയതായി കണ്ടെത്തിയത്. പ്രദേശത്തുള്ള ചില യുവാക്കളാണ് പള്ളിക്ക് കാവി നിറം പൂശിയതായും വാതില്‍ തകര്‍ക്കപ്പെട്ടതായും ആദ്യം കണ്ടെത്തിയത്.
സംഭവത്തില്‍ മുസ്‌ലിം സമുദായാഗംങ്ങള്‍ പൊലീസില്‍ പരാതി നല്‍കുകയും ചിലര്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. പൊലീസ് തങ്ങളുടെ പരാതി പരിഗണിച്ചില്ലെന്നും, പ്രതിഷേധമായി തങ്ങള്‍ ദേശീയ പാത ഉപരോധിച്ച ശേഷമാണ് നടപടികളിലേക്ക് കടന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
‘പള്ളിയുടെ തടി വാതിലുകള്‍ തകര്‍ത്ത് മരു നദിയില്‍ തള്ളി. മിനാരത്തിന് മാത്രമല്ല, ശവകുടീരത്തിനും പ്രവേശന കവാടത്തിനും കാവി നിറം പൂശിയിരുന്നു. കൂടാതെ, പള്ളിക്കുള്ളിലുള്ള ഹാന്‍ഡ് പമ്പും പിഴുതെറിഞ്ഞു,’ പള്ളിയുടെ സൂക്ഷിപ്പുകാരനായ അബ്ദുള്‍ സത്താര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയതിന് ശേഷം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനു പിന്നിലാരാണെന്ന് ഇതുവരെ കണ്ടെത്താനായില്ല. 50 വര്‍ഷം പഴക്കമുള്ള പള്ളിയാണിത്.
പൊലീസിന്റെ നേതൃത്വത്തില്‍ പള്ളി വീണ്ടും പച്ച നിറത്തിലുള്ള പെയ്ന്റ് അടിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ടൗണ്‍ ഇന്‍സ്‌പെകടറായ ഹേമന്ദ് ശ്രീവാത്സവ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ പള്ളിക്ക് വീണ്ടും പെയിന്റടിക്കുക എന്നതിനാണ് പ്രഥമ പരിഗണന എന്നും പറഞ്ഞു. അതിനു ശേഷം പ്രതിയെ കണ്ടെത്തും.
എന്നാല്‍ ഇത് പ്രദേശവാസികള്‍ ചെയ്തതാണെന്ന് കരുതുന്നില്ലെന്നും വിവിധ സമുദായത്തില്‍ പെട്ടവര്‍ ഇവിടെ ഐക്യത്തോടെയാണ് ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിത്രം കടപ്പാട്: ഇന്ത്യന്‍ എക്‌സ്‌പ്രെസ്