ഭാരത് മാതാ കി ജയ് വിളിക്കാം, മോദിക്ക് സ്തുതി പാടാന്‍ മനസില്ല: ഉക്രൈനില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ (വീഡിയോ)

0
410

ന്യൂദല്‍ഹി: ഉക്രൈന്‍ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ തങ്ങളുടെ വിദ്യാര്‍ത്ഥികളെയും പൗരന്‍മാരെയും തിരിച്ചെത്തിക്കാനുള്ള പരിശ്രമത്തിലാണ് അതത് രാജ്യത്തെ ഭരണകൂടങ്ങള്‍. ഓപ്പറേഷന്‍ ഗംഗ എന്ന പേരില്‍ ഇന്ത്യന്‍ സര്‍ക്കാരും വിദ്യാര്‍ത്ഥികളെയടക്കമുള്ളവരെ തിരികെയെത്തിക്കാന്‍ ശ്രമം തുടരുന്നുണ്ട്.

ഉക്രൈനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതിലുള്ള അലംഭാവവും ഉക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങളും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ഇന്ത്യ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഇത്തരത്തില്‍ ഉക്രൈനില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന വിദ്യാര്‍ത്ഥികളുടെ ഒരു വീഡിയോയാണ് ചര്‍ച്ചയാവുന്നത്. ഭാരത് മാതാ കി ജയ് വിളിക്കുമ്പോള്‍ ഏറ്റു വിളിക്കുകയും, മോദിക്ക് ജയ് വിളിക്കുമ്പോള്‍ മിണ്ടാതിരിക്കുന്ന വിദ്യാര്‍ത്ഥികളാണ് വീഡിയോയിലുള്ളത്.

മോദിയുടെ പി.ആറിന് വേണ്ടിയുള്ള പോപ്പുലാരിറ്റി സ്റ്റണ്ട് പൊളിഞ്ഞെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത്.

നേരത്തെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വീഡിയോയും ചര്‍ച്ചയായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ സിന്ധ്യയോട് റൊമാനിയന്‍ മേയര്‍ കയര്‍ക്കുന്ന വീഡിയോ ആണ് പ്രചരിച്ചത്.

എന്താണ് പറയേണ്ടതെന്ന് താന്‍ തീരുമാനിക്കുമെന്ന് സിന്ധ്യ പറഞ്ഞപ്പോള്‍, ‘…. അവര്‍ (വിദ്യാര്‍ത്ഥികള്‍) ഈ രാജ്യം വിടുമ്പോള്‍ നിങ്ങള്‍ അവര്‍ക്ക് പറഞ്ഞു കൊടുക്കണം. ഞാനാണ് അവര്‍ക്ക് സുരക്ഷയൊരുക്കിയത്. ഞാനാണവര്‍ക്ക് ഭക്ഷണം നല്‍കിയത്. ഇതുകൂടാതെ ഞാനാണ് അവരെ വേണ്ട സമയത്ത് സഹായിച്ചത്,’ എന്നു പുറഞ്ഞുകൊണ്ടായിരുന്നു മേയര്‍ സിന്ധ്യയോട് കയര്‍ത്തത്.

മേയര്‍ പറഞ്ഞതുകേട്ട് സന്തോഷത്തോടെ കയ്യടിക്കുന്ന വിദ്യാര്‍ത്ഥികളെയും വീഡിയോയില്‍ കാണാം.

കോണ്‍ഗ്രസ് അനുകൂല ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

‘ബി.ജെ.പിയുടെ സ്ഥിരം പി.ആര്‍ പരിപാടിയും കൊണ്ട് റൊമാനിയലെത്തിയപ്പോള്‍ അവിടുത്തെ മേയര്‍ തള്ള് മുഴുവന്‍ പൊളിച്ചു കൊടുത്തു’ എന്ന തരത്തിലാണ് കോണ്‍ഗ്രസ് അനുകൂല ഹാന്‍ഡിലുകള്‍ വീഡിയോ പ്രചരിപ്പിക്കുന്നത്.

അതേസമയം, റൊമേനിയയില്‍ നിന്ന് വ്യോമസേനയുടെ ആദ്യവിമാനം ഇന്ത്യയിലെത്തിയരുന്നു. വ്യോമസേനയുടെ സി-17വിമാനമാണ് എത്തിയത്. ഇരുന്നൂറോളം പേരെയാണ് ആദ്യവിമാനത്തില്‍ എത്തിച്ചത്. പോളണ്ട്, ഹംഗറി എന്നിവിടങ്ങളിലേക്ക് പോയ രണ്ട് സി-17 വിമാനങ്ങളും എത്തിയിരുന്നു.

അടുത്ത 24 മണിക്കൂറില്‍ 15 രക്ഷാദൗത്യ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, കിഴക്കന്‍ ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാമെന്ന് റഷ്യ ഉറപ്പ് നല്‍കിയിരുന്നു. റഷ്യന്‍ അതിര്‍ത്തി വഴിയായിരിക്കും ഒഴിപ്പിക്കല്‍. പുടിന്‍-മോദി ചര്‍ച്ചയ്ക്ക് ശേഷമാണ് പുതിയ ദൗത്യത്തിന് വഴി തെളിഞ്ഞത്.

ഉക്രൈന്‍ ഇന്ത്യക്കാരെ മനുഷ്യകവചമാക്കുന്നെന്നും വിദ്യാര്‍ത്ഥികളെ തടവിലാക്കുകയാണ് ഉക്രൈന്‍ ചെയ്യുന്നതെന്നും റഷ്യ പറഞ്ഞിരുന്നു.

ഖാര്‍കീവ് ഉള്‍പ്പെടെയുളള കിഴക്കന്‍ ഉക്രൈനില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ റഷ്യന്‍ അതിര്‍ത്തി വഴി നാട്ടിലെത്തിക്കാമെന്നാണ് പുടിന്‍ നരേന്ദ്ര മോദിക്ക് ഉറപ്പ് നല്‍കിയത്. റഷ്യന്‍ വിമാനത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താമെന്നാണ് പ്രാഥമിക ധാരണ.

റഷ്യക്ക് എതിരായ യു.എന്‍ പ്രമേയത്തില്‍ നിന്നും തുടര്‍ച്ചയായി രണ്ട് വട്ടം ഇന്ത്യ വിട്ടുനിന്നതോടെയാണ് റഷ്യയുടെ മനംമാറ്റം. കഴിഞ്ഞ ദിവസം 9 വിമാനങ്ങള്‍ ഉക്രൈന്റെ അതിര്‍ത്തി രാജ്യങ്ങളില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്. നിലവില്‍ ഉക്രൈന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ വഴിയാണ് ഇന്ത്യ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here