പ്രകടനങ്ങളെവിടെ… ഹാഷ് ടാഗുകളെവിടെ…മലയാളിയുടെ യുദ്ധവിരുദ്ധ മനസ്സിനെന്തുപറ്റി

0
208

രോ യുദ്ധവും അവശേഷിപ്പിക്കുന്ന ദൃശ്യങ്ങള്‍തന്നെയാണ് യുക്രൈനും നല്‍കുന്നത്. ലോകത്തിന്റെ ഏതുകോണില്‍ യുദ്ധമുണ്ടാകുമ്പോഴും അധിനിവേശങ്ങള്‍ നടക്കുമ്പോഴും ആദ്യം ഉണരുകയും പ്രതികരിക്കുകയും ചെയ്യുന്ന മനസ്സ് മലയാളിയുടേതാണ്. എന്നാല്‍, പത്രവാര്‍ത്തകളിലും ചാനലുകളിലും ഉള്ള യുദ്ധവാര്‍ത്തകള്‍ക്കും ചര്‍ച്ചകള്‍ക്കുമപ്പുറം എന്താണ് യുക്രൈനിലെ കാഴ്ചകളോട് മലയാളി നിസ്സംഗമായിനില്‍ക്കുന്നത് എന്നത് അമ്പരപ്പിക്കുന്ന ചോദ്യമായി അവശേഷിക്കുന്നു.

ഒന്നോ രണ്ടോ സംഘടനകളുടെ യുദ്ധവിരുദ്ധപ്രസ്താവനകള്‍, വിരലിലെണ്ണാവുന്നവിധത്തില്‍ ചിലരുടെ ഫെയ്സ്ബുക്ക് കുറിപ്പുകള്‍ -കഴിഞ്ഞു, അതിനപ്പുറം തെരുവുകളിലോ സാംസ്‌കാരികസന്ധ്യകളിലോ യുക്രൈനിലെ യുദ്ധം വിഷയംപോലുമാകുന്നില്ല. കഥകളും കവിതകളുമില്ല. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളിവിദ്യാര്‍ഥികളെച്ചൊല്ലി മാത്രമായി ആശങ്ക ചുരുങ്ങി. അധിനിവേശങ്ങള്‍ക്കെതിരേ പതിവായി ശബ്ദിക്കുന്ന സംഘടനകളുടെ ഒരുപോസ്റ്റര്‍പോലും എവിടെയെങ്കിലും പതിഞ്ഞതായും അറിവില്ല. വെടിനിര്‍ത്താനും ചര്‍ച്ചകളിലൂടെ പരിഹാരം കാണാനും ആവശ്യപ്പെട്ട് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞദിവസം എഴുതിയ ലേഖനം ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി നില്‍ക്കുന്നുവെന്നത് ശ്രദ്ധേയം. എന്നാല്‍, അപ്പോഴും മലയാളിയുടെ യുദ്ധവിരുദ്ധപോരാട്ടവും അധിനിവേശങ്ങള്‍ക്കെതിരായ മനസ്സും എവിടെ എന്നചോദ്യത്തിന് ഉത്തരമുണ്ടാവുന്നില്ല.

രാജ്യത്തിന്റെ അതിരുകളൊരിക്കലും മലയാളിയുടെ യുദ്ധവിരുദ്ധനിലപാടുകള്‍ക്ക് തടസ്സമായിരുന്നില്ല. യുദ്ധങ്ങളുടെയും അധിനിവേശങ്ങളുടെയും പ്രത്യാഘാതം അനുഭവിച്ചിട്ടില്ലെങ്കിലും സ്വന്തംകാര്യമെന്നപോലെയാണ് അതിനോടെല്ലാം മലയാളി എക്കാലവും പ്രതികരിച്ചിരുന്നത്. പലസ്തീനുനേരെ ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടാകാറുള്ള കൈയേറ്റങ്ങളാണ് കേരളത്തില്‍ പ്രതിഷേധമായും പ്രതികരണമായും കുറെക്കാലം പ്രത്യക്ഷപ്പെട്ടത്. അധിനിവേശത്തിനെതിരേയുള്ള മലയാളിമനസ്സിന്റെ പ്രതിഫലനം കൂടിയായിരുന്നു അത്. ഇറാഖ്-കുവൈത്ത് യുദ്ധത്തിനുപിന്നാലെ അമേരിക്ക, ഇറാഖില്‍ സദ്ദാംഹുസൈനെ ലക്ഷ്യമിട്ടുനടത്തിയ ആക്രമണങ്ങള്‍ കേരളത്തിന് സ്വന്തംകാര്യംപോലെയായി. സദ്ദാമിനോട് അനുഭാവം പ്രകടിപ്പിച്ച് കേരളം ബന്ദ് വരെ ആചരിച്ചു. ലിബിയ, സിറിയ, അഫ്ഘാന്‍ എന്നിവിടങ്ങളിലെ അധിനിവേശങ്ങളും ഇവിടെ പ്രതിഷേധത്തിന്റെ കനല്‍ കോരിയിട്ടു.

എന്നാല്‍, ഇപ്പോള്‍ സഹോദരരാജ്യമെന്നുതന്നെ പറയാവുന്ന യുക്രൈനുനേരെ റഷ്യ യാതൊരു ദാക്ഷിണ്യവുമില്ലാതെ പോരാട്ടം കനപ്പിക്കുമ്പോഴും ഇവിടെ അനക്കമില്ല. റഷ്യയെ എതിര്‍ത്താല്‍ അത് അമേരിക്കയോടുള്ള അനുഭാവമായി ചിത്രീകരിക്കപ്പെടുമോ എന്നൊരു ആശങ്ക പലരിലുമുണ്ട്. ഫെഡറേഷനില്‍നിന്ന് വിട്ടുപോകാന്‍ സ്വാതന്ത്ര്യം നല്‍കിയ ലെനിന്റെ നടപടിയെ ചോദ്യംചെയ്യുന്നതാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ നിലപാട്. അതാണ് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുകാരണമായി പുതിന്‍ ചൂണ്ടിക്കാട്ടുന്നത്. യുക്രൈനെ ആക്രമിക്കുന്ന പുതിന്റെ നയത്തെ എതിര്‍ക്കാന്‍ സി.പി.എമ്മിന് വിമുഖതയില്ല. പക്ഷേ, അത് അമേരിക്കയെ ന്യായീകരിക്കലായിപ്പോകുമോ എന്നതാണ് അവരുടെ ആശയക്കുഴപ്പം.

ഇപ്പോള്‍ അപ്രസക്തമായിട്ടും നാറ്റോ സൈനികസഖ്യവുമായി അമേരിക്ക, മേഖലയില്‍ നില്‍ക്കുന്നതിന്റെ ആവശ്യകതയും അവര്‍ ചോദ്യംചെയ്യുന്നുണ്ട്. നിലപാടുകളെടുക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവരെല്ലാം ഈയൊരു ആശയക്കുഴപ്പത്തില്‍ത്തന്നെയാണ്. ഇതുതന്നെയാണ് ഇപ്പോള്‍ മലയാളിയുടെ മൗനത്തിനുകാരണമെന്ന് പറയുന്നവരാകട്ടെ അധിനിവേശമെന്നത് അമേരിക്ക നടത്തിയാല്‍മാത്രം പ്രതിഷേധിക്കേണ്ട വിഷയമാണോ എന്ന മറുചോദ്യവും ഉയര്‍ത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here