തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതിക്കായി അതിരടയാളക്കല്ല് സ്ഥാപിക്കുന്നതിന് എത്തുന്ന പൊലീസുകാർ യൂണിഫോമിൽ നെയിംബോർഡ് ധരിക്കാതെ വരുന്നതിൽ ദുരൂഹതയുണ്ടെന്ന് ആക്ഷേപം. ചിലയിടങ്ങളിൽ പ്രദേശവാസികൾ ഇതിനെ ചോദ്യം ചെയ്തു. നെയിംബോർഡ് ധരിക്കാത്തത് നിയമവിരുദ്ധ പ്രവൃത്തികൾ നടത്താനാണെന്നാണ് ആരോപണം.
ഡ്യൂട്ടിയിലുള്ള ഉദ്യോസ്ഥൻ യൂണിഫോമിൽ നെയിംബോർഡ് വയ്ക്കണമെന്നാണ് ചട്ടം. എന്നാൽ, സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ ഡ്യൂട്ടി ചെയ്യുമ്പോൾ പലപ്പോഴും നെയിംബോർഡ് ഒഴിവാക്കാറുണ്ടെന്ന് പൊലീസുകാർ പറയുന്നു. ഉന്തിലും തള്ളിലും നെയിം ബോർഡ് നഷ്ടപ്പെടാതിരിക്കാനാണിത്. നെയിം ബോർഡിന് ഏകദേശം 250 രൂപയോളം വിലയുണ്ട്. ബോർഡിൽ പേരെഴുതി കിട്ടാൻ കാലതാമസവും എടുക്കാറുണ്ടെന്ന് പൊലീസുകാർ പറയുന്നു.
കല്ലുകൾ പുഴുതെറിയുന്നവർക്കെതിരെ നിയമ നടപടികൾ ശക്തമാക്കാനാണ് സർക്കാർ ആലോചന. കെ റെയിൽ നൽകുന്ന പരാതിയിൽ പൊലീസ് കേസെടുക്കും. ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനു പ്രത്യേകം കേസെടുക്കും. അറസ്റ്റിലാകുന്നവർ, നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ മൂല്യത്തിനു തുല്യമായ തുക കെട്ടിവച്ചാലേ ജാമ്യം ലഭിക്കൂ.