പൊതുഗതാഗതം തടസപ്പെട്ടു; പണിമുടക്കിൽ സ്തംഭിച്ച് സംസ്ഥാനം

0
323

തിരുവനന്തപുരം: തൊഴിലാളികളേയും കര്‍ഷകരേയും സാധാരണക്കാരേയും ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്കിൽ സംസ്ഥാനത്തെ പൊതുഗതാഗതം നിലച്ചു. കെഎസ്ആർടിസി സർവീസുകൾ അടക്കം നിലക്കുന്നതോടെ പണിമുടക്ക് ഹർത്താലിലേക്ക് പോകുന്ന കാഴ്ചയാണ്. പോലീസ് സംരക്ഷണത്തിൽ ചിലയിടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നുണ്ടെങ്കിലും ശക്തമായ പ്രതിഷേധം കാരണം ഇവ നിർത്തിയേക്കുമെന്നാണ് വിവരം. ചില സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിക്കുന്നവരെ സമരക്കാർ തടയുന്നുണ്ട്. സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്നില്ല. കൊച്ചി ബിപിസിഎല്ലിൽ ജോലിക്കെത്തിയവരെ സമരാനുകൂലികൾ തടഞ്ഞു.

48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആരംഭിച്ചത്. സ്വകാര്യ വാഹനങ്ങളെ തടയില്ല എന്ന് നേരത്തെ തന്നെ സംഘടനകൾ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ വാഹനങ്ങൾ രാവിലെ ചിലയിടങ്ങളിൽ ഓടുന്നുണ്ട്. ദൂര യാത്രക്കാരേയും ബാങ്ക് പ്രവർത്തനങ്ങളേയും പണിമുടക്ക് സാരമായിത്തന്നെ ബാധിച്ചേക്കും.

കഞ്ചിക്കോട് കിൻഫ്രാ പാർക്കിൽ ജോലിക്കെത്തിയയവരെ പ്രതിഷേധക്കാർ തിരിച്ചയച്ചു. പണിമുടക്ക് എന്തിനാണ് എന്നത് വിശദീകരിച്ച് തൊഴിലാളികളെ തിരിച്ചയക്കുക മാത്രമാണ് ചെയ്തത്, ആരേയും നിർബന്ധിച്ചോ ബലപ്രയോഗത്തിലൂടെയോ തിരിച്ചയച്ചിട്ടില്ലെന്ന് സമരക്കാർ പറഞ്ഞു.

കൊച്ചിയിൽ റിഫൈനറി ഭാഗത്ത് പ്രതിഷേധം ശക്തമാണ്. തൊഴിലാളി യൂണിയനുകൾ സ്വകാര്യ വാഹനങ്ങളെ അടക്കം തടഞ്ഞു നിർത്തി പ്രതിഷേധിക്കുകയാണ്. ബിപിസിഎല്ലിൽ ജോലിക്കായി എത്തിയവരേയും സമരക്കാർ തടയുന്ന സാഹചര്യമുണ്ടായി. പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കിയത്. ബിപിസിഎല്ലിൽ ഹൈക്കോടതി ഇടപെട്ട് പണിമുടക്ക് നിരോധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജോലിക്കാർ എത്തിയത്.

തിരുവനന്തപുരത്ത് സർക്കാർ ഓഫീസുകൾ പൂർണമായും അടഞ്ഞു കിടക്കുകയാണ്. ബിഎംഎസ് ഒഴികെയുള്ള ഇരുപത് സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. അവശ്യ സേവനങ്ങൾ മുടങ്ങാതിരിക്കാനുള്ള സംവിധാനങ്ങളും ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തമ്പാനൂരിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് പ്രധാനപ്പെട്ട ഇടങ്ങളിലേക്കെത്താൻ വേണ്ടി പോലീസ് വാഹനങ്ങൾ സർവീസ് ഒരുക്കിയിട്ടുണ്ട്. സന്നദ്ധ പ്രവർത്തകർ അടക്കം വാഹനങ്ങളുമായെത്തി ആർ.സി.സിയിലേക്കും മറ്റും എത്തുന്നവർക്ക് സഹായകമാകുന്നുണ്ട്. കെ.എസ്.ആർ.ടി.സി, ആർ.സി.സിയിലേക്ക് മാത്രമാണ് സർവീസ് നടത്തുന്നത്. ചുരുക്കം ചില ടാക്സികൾ മാത്രമാണ് ഓട്ടോ സർവീസ് നടത്തുന്നത്.

ആശുപത്രികളിലേക്കും മറ്റും പോകുന്ന സ്വകാര്യ വാഹനങ്ങൾ ഒഴിച്ചാൽ കണ്ണൂരിൽ മറ്റു വാഹനങ്ങളൊന്നും ഓടുന്നില്ല. കേന്ദ്ര സർക്കാരിനെതിരെയുള്ള സമരം ആയത് കൊണ്ട് തന്നെ ശക്തമായ മുൻ കരുതലാണ് സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ പോലീസിന്റെ പിക്കറ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. ജീപ്പിലും ബൈക്കിലുമായി പെട്രോളിങും പോലീസും നടത്തുന്നുണ്ട്. തൊഴിലാളി യൂണിയനുകൾ പഞ്ചായത്ത് കേന്ദ്രങ്ങളിൽ വെച്ച് സമര കേന്ദ്രങ്ങൾ തുടങ്ങാനാണ് പദ്ധതിയാണ്. എല്ലാ സ്ഥലങ്ങളിലും ഇത്തരത്തിൽ സമര കേന്ദ്രങ്ങൾ ഉണ്ടാകും. സമരത്തെ അനുകൂലിക്കുന്ന ട്രേഡ് യൂണിയനുകൾ ഒരുമിച്ച് ചേർന്ന് രണ്ട് ദിവസവും കലാപരിപാടികളും മറ്റുമായി മുഴുവൻ സമയവും കേന്ദ്രങ്ങളിൽ ഉണ്ടകുമെന്നാണ് സംഘടനകൾ അറിയിച്ചിരിക്കുന്നത്.

തൃശ്ശൂരിൽ ഓട്ടോ തൊഴിലാളികൾ സർവീസുകൾ നടത്തുന്നുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിൽ നിന്നുമുള്ള ഓട്ടോകളാണ് സർവീസ് നടത്തുന്നത്. തൃശ്ശൂർ ഡിപ്പോയിൽ നിന്നുള്ള കെ.എസ്.ആർ.ടിസി സർവീസുകൾ നടത്തുന്നില്ലെങ്കിലും ദീർഘ ദൂര ബസുകൾ ഡിപ്പോയിൽ എത്തുന്നുണ്ട്. നഗരത്തിലുള്ള കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here