പെരുകുന്ന കടം; കെ റെയിലിനായി ചരിത്രത്തിലെ എറ്റവും വലിയ കടമെടുപ്പിന് ഒരുങ്ങി കേരള സർക്കാർ

0
276

തിരുവനന്തപുരം: മൂന്ന് ലക്ഷം കോടി രൂപയുടെ കടബാധ്യതയിൽ നിൽക്കുമ്പോഴാണ് കേരളം കെ റെയിലിനായി ചരിത്രത്തിലെ ഏറ്റവും വലിയ കടമെടുപ്പിന് തയ്യാറാടെുക്കുന്നത്. വായ്പയായി 55,000 കോടി പ്രതീക്ഷിക്കുമ്പോഴും പദ്ധതി തുടങ്ങുമ്പോൾ ഇത് ഒരു ലക്ഷം കോടി പിന്നിടും. കടമെടുപ്പിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിക്കുന്ന തുക കുറയുന്നു എന്ന വിമർശനം കേൾക്കുമ്പോഴാണ് മറ്റൊരു വൻ ബാധ്യതയിലേക്ക് കേരളം പോകുന്നത്.

കേരളത്തിലെ ജനസംഘ്യ മൂന്നേകാൽ കോടി. കേരളത്തിന്‍റെ പൊതുകടം ഇപ്പോൾ മൂന്ന് ലക്ഷം തൊടുന്നു. ആളോഹരി കടം 90,000രൂപ. നികുതി വരുമാനത്തിൽ വൻ നഷ്ടം നേരിട്ടപ്പോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കടബാധ്യതയാണ് ഈ സാമ്പത്തിക വർഷം കേരളം വരുത്തി വച്ചത്.

കെ റെയിലിൽ സംസ്ഥാന സർക്കാർ 33,700 കോടി വിദേശ വായ്പ എടുക്കാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ അനുമതി കാക്കുന്നത്. രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ നിന്നും കടപത്രമിറക്കി 20,000 കോടിയിലേറെ വായ്പയെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ കെ റെയിൽ ചെലവ് ഉയരുമെന്ന നീതി ആയോഗ് കണക്ക് നോക്കിയാൽ ചെലവ് ഒന്നേകാൽ ലക്ഷം കോടി പിന്നിടും അങ്ങനെയെങ്കിൽ ഒരു ലക്ഷം കോടിയിലേറെ കടമെടുക്കാതെ പദ്ധതി സാധ്യമാകില്ല. ഇതു കൂടിയാകുമ്പോൾ ആളോഹരി കടം 90,000രൂപയിൽ നിന്നും 1,20,000 രൂപയാകും.

പദ്ധതി ലാഭമെന്നും വരുത്താൻ ഡിപിആറിലെ കണക്കിലെ കള്ളകളികളിൽ ആക്ഷേപങ്ങളുയർന്നിരുന്നു. പ്രാഥമിക രേഖയിൽ ദിവസ യാത്രക്കാർ 45,000ആയിരുന്നെങ്കിൽ അന്തിമ രേഖയിൽ ഇത് 82,266 യാത്രക്കാർ ആയി.

പൊങ്ങച്ച പദ്ധതികൾ ഒരു രാജ്യത്തെ തന്നെ കടക്കെണിയിൽ കുരുക്കിയതാണ് ശ്രീലങ്കൻ അനുഭവം. ഇത് ഉയർത്തിയാണ് കെ റെയിൽ കടമെടുപ്പ് അപകടകരമാകുമെന്ന വിമർശനമുയരുന്നത്. കെ റെയിൽ ലാഭകരമായില്ലെങ്കിൽ കേരളത്തിന്‍റെ ക്രെഡിറ്റ് റേറ്റിങ്ങിലടക്കം ഇടിവുണ്ടാക്കും. ഇത് ഭാവിയിൽ കടമെടുപ്പിന് വലിയ പലിശ നൽകാൻ സംസ്ഥാനത്തെ നിർബന്ധിതരാക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് അടക്കം എടുക്കുന്ന കടം പോലും ശമ്പളവും പെൻഷനും നൽകാൻ ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളം. വികസന പദ്ധതികൾക്കായി കിഫ്ബി വഴി വരുത്തിവയ്ക്കുന്നത് കോടികളുടെ ബാധ്യത വേറെ. ഇതിനിടയിലാണ് കെ റെയിൽ കൂടി കടക്കണക്ക് ഉയർത്തുന്നത്. കടമെടുപ്പ് നല്ലതാണെന്ന ഐസക്ക് തിയറി ബാലഗോപാൽ ഏറ്റുപിടിക്കുന്നില്ലെങ്കിലും കൊവിഡ് തകർച്ച കാരണം ‍കടമെടുപ്പിൽ നിയന്ത്രണം കൊണ്ടു വരാൻ രണ്ടാം പിണറായി സർക്കാരിനും കഴിഞ്ഞിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here