പുസ്തകമേളക്കിടെ പോക്കറ്റടി; നടി രൂപ ദത്ത അറസ്റ്റില്‍; 75,000 രൂപ കണ്ടെടുത്തു

0
303

കൊൽക്കത്ത: അന്താരാഷ്‌ട്ര പുസ്തകമേളക്കിടെ പോക്കറ്റടി(pickpocketing) നടത്തിയ നടി അറസ്റ്റിൽ. ബം​ഗാളി ടെലിവിഷൻ നടിയായ രൂപ ദത്തയാണ്(Rupa Dutta) അറസ്റ്റിലായത്. ബിധാനഗർ നോർത്ത് പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു അറസ്റ്റിന് ആസ്പദമായ സംഭവം.

കൊൽക്കത്ത ഇന്റർനാഷണൽ ബുക്ക് ഫെയർ ചടങ്ങിന് ഡ്യൂട്ടിക്കെത്തിയ പൊലീസുകാരാണ് നടിയെ പിടികൂടിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേള നടക്കുന്നതിനിടെ ഒരു സ്ത്രീ ബാഗ് ചവറ്റുകുട്ടയിലേയ്‌ക്ക് എറിയുന്നത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന് സംശയം തോന്നുക ആയിരുന്നു. തുടർന്ന്, പൊലീസ് യുവതിയെ ചോദ്യം ചെയ്യുകയും ബാഗ് പരിശോധിക്കുകയും ചെയ്തു. അപ്പോഴാണ് അവരുടെ ബാഗിൽ നിന്നും 75,000 രൂപ കണ്ടെടുത്തത്. പിന്നീടാണ് ഇവർ കൊൽക്കത്തയിലെ സിനിമ-സീരിയൽ നടിയായ രൂപ ദത്തയാണെന്ന് തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറയുന്നു.

വിവിധ ഇടങ്ങളിൽ മോഷണം നടത്തിയതിന്റെയും പോക്കറ്റടിച്ചതിന്റെയും വിവരങ്ങൾ നടിയുടെ ഡയറിയിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങൾ സന്ദർശിച്ച് മോഷണം നടത്തുന്നത് ഇവരുടെ പതിവായിരുന്നുവെന്നാണ് വിവരം. നടിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

നേരത്തെ സംവിധായകൻ അനുരാഗ് കശ്യപിനെതിരെ തെറ്റായി ലൈംഗികാരോപണം ഉന്നയിച്ച് രൂപ ദത്ത വാർത്തകളിൽ ഇടംനേടിയിരുന്നു. അനുരാഗ് തനിക്ക് മോശം മെസേജുകൾ അയച്ചെന്നാരോപിച്ച് നടി ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ പുറത്തു വിട്ടിരുന്നു. ശേഷം നടന്ന അന്വേഷണത്തിൽ അനുരാഗ് എന്ന് പേരുള്ള മറ്റൊരാൾ അയച്ച മെസേജുകൾ ആയിരുന്നു ഇവയെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here