കാഞ്ചീപുരം: പല്ല് തേക്കുന്നതിനിടെ യുവതിയുടെ വായിൽ കുടുങ്ങിയ ടൂത്ത് ബ്രഷ് അരമണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തമിഴ്നാട് കാഞ്ചീപുരം സ്വദേശി രേവതി(34)ക്കാണ് പല്ലുതേക്കുന്നതിനിടെ അപകടമുണ്ടായത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുളിമുറിയിൽ വച്ച് പല്ല് തേക്കുന്നതിനിടെ രേവതി തെന്നി വീണത്. വീഴ്ചയിൽ ടൂത്ത് ബ്രഷ് അവളുടെ കവിളിൽ തുളച്ച് കയറുകയായിരുന്നു. ഇതേത്തുടർന്ന് രേവതിക്ക് വായ ആടയ്ക്കാനോ തുറക്കാനോ കഴിഞ്ഞിരുന്നില്ല. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു, ടൂത്ത് ബ്രഷ് പുറത്തെടുക്കാൻ ശസ്ത്രക്രിയ ആവശ്യമാണന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. ശേഷം അനസ്തേഷ്യ നൽകി വായിൽ നിന്ന് ടൂത്ത് ബ്രഷ് എടുക്കാൻ ശ്രമിച്ചപ്പോൾ പകുതി ഭാഗം മാത്രമേ പുറത്തുവന്നുള്ളു. ബാക്കി പകുതി ചെവിയുടെയും അണപ്പല്ലിന്റെയും ഭാഗത്ത് തുളച്ചിരിക്കുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ ഈ ഭാഗവും പുറത്തെടുത്തു.
രണ്ട് വർഷം മുമ്പ് പല്ല് തേക്കുന്നതിനിടെ അരുണാചൽ പ്രദേശിലെ ഒരാൾ അബദ്ധത്തിൽ ബ്രഷ് വിഴുങ്ങിയിരുന്നു. എക്സ്റേയും പരിശോധനകളും നടത്തിയെങ്കിലും അന്നനാളത്തിൽ ബ്രഷ് കണ്ടെത്താനായില്ല. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പിന്നീട് ജനറൽ അനസ്തേഷ്യ നൽകി ശസ്ത്രക്രിയ നടത്തി ബ്രഷ് പുറത്തെടുക്കുകയായിരുന്നു. ഏകദേശം അരമണിക്കൂർ സമയമെടുത്താണ് ബ്രഷ് പുറത്തെടുത്തത്.