പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ മരിച്ചു; ശസ്ത്രക്രിയയ്ക്ക് ശേഷം ജീവിച്ചത് രണ്ട് മാസം

0
264

ന്യൂയോര്‍ക്ക്: പന്നിയുടെ ഹൃദയം വിജയകരമായി മാറ്റിവെച്ച ഡേവിഡ് ബെന്നറ്റ്(57) മരിച്ചു. ശസ്ത്രക്രിയ നടത്തിയ മേരിലാന്‍ഡ് ആശുപത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ.പി(അസോസിയേറ്റഡ് പ്രസ്സ്)ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൊവ്വാഴ്ച മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ വെച്ച് ബെന്നറ്റ് മരിച്ചെന്നാണ് എ.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ മരണകാരണം എന്താണെന്ന് ആശുപത്രി വ്യക്തമാക്കുന്നില്ല.

പന്നിയില്‍ നിന്ന് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ ആദ്യ വ്യക്തിയാണ് ഡേവിഡ് ബെന്നറ്റ്. കഴിഞ്ഞ ജനുവരിയിലാണ് ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം വൈദ്യശാസ്ത്രലോകത്തെ വഴിത്തിരിവായ സംഭവം നടന്നത്.

57കാരനായ ഡേവിഡ് ബെന്നറ്റിനാണ് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മാറ്റിവെച്ചത്. ശസ്ത്രക്രിയക്ക് ശേഷം സാധാരണപോലെ ഹൃദയം പ്രവര്‍ത്തിച്ചിരുന്നു.

വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണത്തിന്റ ഫലമായിരുന്നു ശസ്ത്രക്രിയ. പന്നിയുടെ ഹൃദയം ബബൂണ്‍ കുരങ്ങുകളില്‍ വെച്ചുപിടിപ്പിച്ചുള്ള പരീക്ഷണം നേരത്തെ വിജയകരമായിരുന്നു.

യു.എസിലെ മേരിലാന്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ഹൃദയസംബന്ധമായ ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു ബെന്നറ്റ്.

‘മരിക്കുക അല്ലെങ്കില്‍ ഈയൊരു അവയവമാറ്റത്തിന് തയാറാവുക, ഈ രണ്ട് സാഹചര്യങ്ങള്‍ മാത്രമേ മുമ്പിലുള്ളൂ. ഇരുട്ടിലേക്ക് നോക്കിയുള്ള വെടിയാണ് ഇതെന്ന് എനിക്കറിയാം. എന്നാല്‍, ഇത് മാത്രമാണ് അവസാന പ്രതീക്ഷ,’ എന്നായിരുന്നു ശസ്ത്രക്രിയക്ക് മുമ്പായി ഡേവിഡ് ബെന്നറ്റ് പറഞ്ഞിരുന്നത്.

ഒരു വര്‍ഷം പ്രായമുള്ള, ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ബെന്നറ്റില്‍ വെച്ചുപിടിപ്പിച്ചത്. ആരോഗ്യരംഗത്ത് ഏറെ നിര്‍ണായകമായ ശസ്ത്രക്രിയയാണ് നടന്നതെന്നും അവയവ ദൗര്‍ലഭ്യം പരിഹരിക്കുന്നതില്‍ ഈ നേട്ടം വന്‍ കുതിച്ചുചാട്ടമാകുമെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ബാര്‍ട്ട്‌ലി ഗ്രിഫിത് പറഞ്ഞിരുന്നു.

ഭാവിയിലെ രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഈ ശസ്ത്രക്രിയാ വിജയം നിര്‍ണായകമായി മാറുമെന്ന് മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി കാര്‍ഡിയാക് ക്‌സെനോട്രാന്‍സ്പ്ലാന്റെഷന്‍ പ്രോഗ്രാമിന്റെ സഹസ്ഥാപകനായ ഡോ. മുഹമ്മദ് മൊഹിയുദ്ദീനും പറഞ്ഞിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here