പണിമുടക്കിൽ കേരളം സ്തംഭിക്കും, എന്തെല്ലാം പ്രവർത്തിക്കും? ഇളവുകൾ എങ്ങനെ? അറിയേണ്ടത്

0
333

തിരുവനന്തപുരം: വിവിധ തൊഴിലാളി സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ തുടങ്ങും. ബിഎംഎസ് ഒഴികെയുള്ള പത്തോളം കേന്ദ്രട്രേഡ് യൂണിയനുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. ഇന്ന് അർദ്ധരാത്രി തുടങ്ങി, 29-ാം തീയതി വൈകിട്ട് ആറ് മണി വരെയാണ് പണിമുടക്ക്. സർവീസ് സംഘടനകൾ ഉൾപ്പടെ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പണിമുടക്ക് ഹർത്താലാകും.

എൽഐസി ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെതിരെയാണ് പ്രധാനമായും പ്രതിഷേധം ആഹ്വാനം ചെയ്തിരിക്കുന്നത്. തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴിൽ നിയമങ്ങൾ പിൻവലിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതൽ കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ളവയ്ക്ക് താങ്ങുവില കൂട്ടുക, കർഷകസംഘടനകൾ വിവിധ ആവശ്യങ്ങളുന്നയിച്ച് പുറത്തിറക്കിയ അവകാശപത്രിക അംഗീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

അവശ്യപ്രതിരോധസേവനനിയമം പിൻവലിക്കുക, കൊവിഡ് കാലപ്രതിസന്ധിയിൽ നട്ടം തിരിയുന്ന ആദായനികുതിയില്ലാത്ത പാവപ്പെട്ടവർക്ക് പ്രതിമാസം 7500 രൂപ നൽകുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നുണ്ട്.

എന്തെല്ലാം പ്രവർത്തിക്കും?

സംസ്ഥാനത്ത് ജനജീവിത്തെ പണിമുടക്ക് സാരമായി ബാധിച്ചേക്കും. സംസ്ഥാനത്ത് 22 തൊഴിലാളി സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. വ്യാപാരസ്ഥാപനങ്ങൾക്ക് പുറമേ വാഹനഗതാഗതവും സ്തംഭിക്കും. റേഷൻകടകളും സഹകരണബാങ്കുകളും ഇന്ന് പ്രവർത്തിച്ചിരുന്നു. കൊച്ചി ബിപിസിഎല്ലിലെ പണിമുടക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി തടഞ്ഞിരുന്നു. എന്നാൽ പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് യൂണിയനുകൾ.

സംസ്ഥാനത്ത് ബസ് ഗതാഗതം സ്തംഭിക്കുമെന്നുറപ്പാണ്. ഇന്ന് ഉച്ചയോടെ ബസ് സമരം പിൻവലിച്ചിരുന്നു. പല സ്വകാര്യബസ്സുകളും ഇന്ന് സർവീസ് നടത്തിയെങ്കിലും അർദ്ധരാത്രിയോടെ സർവീസ് അവസാനിപ്പിക്കുന്നതിനാൽ, നാളെക്കഴിഞ്ഞ് ബുധനാഴ്ചയോടെ മാത്രമേ സംസ്ഥാനത്ത് ബസ് ഗതാഗതം സാധാരണനിലയിലാകൂ. ഓട്ടോ, ടാക്സി സർവീസുകളും പണിമുടക്കിൽ പങ്കെടുക്കും.

പാൽ, പത്രം, ആശുപത്രികൾ, എയർപോർട്ട്, ഫയർ ആന്‍റ് റെസ്ക്യൂ എന്നീ അവശ്യസർവീസുകൾ പണിമുടക്കിലുണ്ടാകില്ല. സ്വകാര്യവാഹനങ്ങൾ തടയില്ലെന്നാണ് സംഘടനകൾ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ കെഎസ്ആർടിസി അടക്കമുള്ള സർവീസുകളിലെ ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. അതിനാൽ ബസ് സർവീസുകൾ ഓടില്ലെന്നുറപ്പാണ്.

ദേശീയ പണിമുടക്ക് ട്രഷറികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ വ്യക്തമാക്കി. പണിമുടക്ക് മുന്നിൽ കണ്ട് ബില്ലുകള്‍ മാറുന്നതിൽ ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. അവധി ദിവസമായ ഇന്നും ട്രഷറി പ്രവർത്തിച്ചിരുന്നു. എന്നാൽ, പദ്ധതി വിഹിതം ചെലവാക്കുന്നതിൽ പണിമുടക്ക് ബാധിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു.

അതേസമയം, കഞ്ചിക്കോട് വ്യവസായ മേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കണമെന്ന് കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം. നാളെയും മറ്റെന്നാളും തുറന്നു പ്രവർത്തിക്കുന്ന കമ്പനികൾക്ക് സുരക്ഷ ഒരുക്കാൻ പൊലീസിനെ നിയോഗിക്കണമെന്നു കാണിച്ച് ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്ക് ഇൻഡസ്ട്രീസ് ഫോറം കത്ത് നൽകി. കൊവിഡ് പ്രതിസന്ധിയെ ത്തുടർന്ന് തിരിച്ചടി നേരിട്ട വ്യവസായ മേഖലയ്ക്ക് കനത്ത ആഘാതമേൽപ്പിക്കുന്നതാണ് പണിമുടക്കെന്നും വ്യവസായികൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here