പഞ്ചാബിനുശേഷം കർണാടകത്തിൽ കണ്ണുവെച്ച് എ.എ.പി; മുഴുവൻ മണ്ഡലങ്ങളിലും മത്സരത്തിനൊരുങ്ങുന്നു

0
229

ബെംഗളൂരു: ഡൽഹിക്കുശേഷം പഞ്ചാബ് പിടിച്ചെടുത്ത ആം ആദ്മി പാർട്ടി അടുത്ത ലക്ഷ്യമായി കർണാടകത്തിൽ കണ്ണുവെക്കുന്നു. അടുത്തവർഷം നടക്കാനിരിക്കുന്ന കർണാടക നിയമസഭാതിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം. ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കുന്ന ബെംഗളൂരു നഗരസഭാതിരഞ്ഞെടുപ്പിലും എ.എ.പി. സ്ഥാനാർഥികൾ എല്ലാ വാർഡുകളിലുമുണ്ടാകും.

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കർണാടകത്തിലെ ഒട്ടേറെ പ്രമുഖർ എ.എ.പി.യുടെ ഭാഗമാകുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് പൃഥ്വി റെഡ്ഡി പറഞ്ഞു.

സംസ്ഥാനത്ത് ബി.ജെ.പി.ക്കും കോൺഗ്രസിനും ജെ.ഡി.എസിനും ബദലായി എ.എ.പി. മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പഞ്ചാബിൽ ലഭിച്ച തകർപ്പൻ വിജയം പാർട്ടിക്ക് നഗരങ്ങളിലും മെട്രോപൊളിറ്റൻ സിറ്റികളിലും മാത്രമല്ല, കാർഷിക-ഗ്രാമീണമേഖലയിലും കടന്നുകയറാനാകുമെന്നാണ് തെളിയിക്കുന്നതെന്നും പറഞ്ഞു. ബെംഗളൂരുവിൽ നഗരസഭാതിരഞ്ഞെടുപ്പിൽ മുഴുവൻ വാർഡുകളിലും മത്സരത്തിനിറങ്ങാൻ എ.എ.പി. നേരത്തേ തീരുമാനമെടുത്തിരുന്നു. ഡൽഹിയിൽ ഭരണം പിടിക്കാൻ കഴിഞ്ഞതിന്റെ മാതൃക മെട്രോ നഗരമായ ബെംഗളൂരുവിലും പയറ്റാനാകുമെന്നാണ് അവർ കരുതുന്നത്. ഡൽഹിയിലും പഞ്ചാബിലും പാർട്ടിയുണ്ടാക്കുന്ന മാറ്റങ്ങൾ ബെംഗളൂരുവിലെ വീടുകൾതോറും എത്തിക്കാനാണ് പ്രവർത്തകരുടെ തീരുമാനം. വരുന്ന മൂന്നുമാസത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ നിയമസഭാമണ്ഡലത്തിലേക്കുമുള്ള സ്ഥാനാർഥികളെ കണ്ടെത്തുമെന്ന് നേതാക്കൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here