തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നതായി മന്ത്രി കെ. രാധാകൃഷ്ണന്‍. ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയതായി മന്ത്രി നിയമസഭയില്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചില ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് സംഘടന ശാഖകള്‍ പ്രവര്‍ത്തിക്കുന്നതായും മാസ് ഡ്രില്‍ നടത്തുന്നതായുമാണ് കണ്ടെത്തിയത്.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലും ഇത്തരം പ്രവൃത്തികള്‍ തടയാന്‍ ക്ഷേത്ര ഭരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഗുരുവായൂര്‍, കൊച്ചി, കൂടല്‍മാണിക്യം ദേവസ്വങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഇതുവരെ ഇത്തരം വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
ശാഖകള്‍ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ തടയുന്നതിനായി ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍, അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തി കഴിഞ്ഞ മാര്‍ച്ചില്‍ ഉത്തരവിറക്കിയിരുന്നു.
അതേസമയം, മലബാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളില്‍ 25,187.74 ഏക്കര്‍ ഭൂമി കയ്യേറ്റം ചെയ്തതായി കണ്ടെത്തിയെന്നും മന്ത്രി കെ. രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചിട്ടുണ്ട്.
സ്‌പെഷ്യല്‍ ടീം സര്‍വേയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1123 ക്ഷേത്രങ്ങളുടെ 24693.4 ഏക്കര്‍ ഭൂമിയില്‍ കയ്യേറ്റം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 494 ഏക്കറോളം ഭൂമി കയ്യേറ്റത്തില്‍ അന്യാധീനപ്പെട്ടതായും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്.
ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുള്ള മണത്തല വില്ലേജിലെ ദ്വാരക ബീച്ചിനടുത്തുള്ള ഭൂമിയിലും കയ്യേറ്റം നടന്നിട്ടുണ്ട്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കയ്യേറ്റങ്ങള്‍ അളന്ന് തിട്ടപ്പെടുത്താന്‍ നടപടി സ്വീകരിച്ചുവരുന്നു. കൂടല്‍ മാണിക്യം ദേവസ്വത്തിന്റെ 5568.69 ഏക്കര്‍ ഭൂമി അന്യാധീനപ്പെട്ടതായും മന്ത്രി പറഞ്ഞു.