തോൽവിയിൽനിന്ന് പാഠം; കർണാടക തെരഞ്ഞെടുപ്പിനായി ഒരുക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്

0
253

ന്യൂഡൽഹി: തുടർ തോൽവികൾ തളർത്തിയതിന് പിന്നാലെ, 2023 മധ്യത്തിൽ നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കണ്ണെറിഞ്ഞ് കോൺഗ്രസ്. ഏതുവിധേനയും സംസ്ഥാനം തിരിച്ചുപിടിക്കാനുള്ള നീക്കങ്ങളാണ് കോൺഗ്രസ് നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നത്. ഹിജാബ് അടക്കമുള്ള സാമുദായിക ധ്രുവീകരണ സ്വഭാവമുള്ള വിവാദങ്ങൾ സംസ്ഥാനത്ത് ബിജെപിക്ക് ഗുണകരമാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് കോൺഗ്രസിന്റെ മുന്നൊരുക്കം.

സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി അടുത്തയാഴ്ച കർണാടകയിലെത്തും. പാർട്ടിയുടെ ഡിജിറ്റൽ അംഗത്വ ക്യാമ്പയിൻ, ലിംഗായത്ത് മഠത്തിലെ (സിദ്ധഗംഗ മഠം) മുഖ്യസന്യാസിയുമായുള്ള കൂടിക്കാഴ്ച എന്നിവയാണ് സന്ദർശനത്തിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

പാർട്ടി മുൻ വക്താവ് രൺദീപ് സിങ് സുർജേവാലയ്ക്കാണ് സംസ്ഥാനത്തിന്റെ ചുമതല. കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുടെ നേതൃത്വത്തിന് കീഴിലാണ് സംഘടനാ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്. ഏതു സമയത്തും പാർട്ടി തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് കഴിഞ്ഞ ദിവസം ഡികെ ശിവകുമാർ വ്യക്തമാക്കിയിരുന്നു.

കർണാടകയ്‌ക്കൊപ്പം അടുത്ത വർഷം മധ്യത്തിൽ ഗുജറാത്തിലും ഹിമാചൽ പ്രദേശിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അടുത്തിടെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് കോൺഗ്രസിന് ഏൽക്കേണ്ടി വന്നിരുന്നത്.

തോൽവിക്ക് പിന്നാലെ പാർട്ടിയിൽ സമൂലമായ അഴിച്ചുപണി ആവശ്യപ്പെട്ട് ജി 23 നേതാക്കൾ രംഗത്തെത്തിയിരുന്നു. പാർട്ടിക്ക് മുഴുസമയ പ്രസിഡണ്ട് വേണമെന്നും പ്രവർത്തന ശൈലി മാറ്റണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ജി 23 ഗ്രൂപ്പിൽപ്പെട്ട ചില നേതാക്കളുമായി രാഹുൽ ഗാന്ധി ആശയവിനിമയം ആരംഭിച്ചിട്ടുണ്ട്. സംഘത്തെ പ്രകോപിപ്പിച്ച് മുമ്പോട്ടു പോകേണ്ടതില്ല എന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here