തൃശ്ശൂരിൽ 11 കിലോ ഹാഷിഷുമായി യുവാക്കൾ പിടിയിൽ; സംസ്ഥാനത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയിൽ വേട്ട

0
283

തൃശൂര്‍: കൊരട്ടിക്ക് സമീപം മുരിങ്ങൂരില്‍ കോടികള്‍ വിലമതിക്കുന്ന 11 കിലോ ഹാഷിഷ് ഓയില് പിടികൂടി. സംസ്ഥാന പൊലീസിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയധികം ഹാഷിഷ് ഓയില്‍ പിടികൂടുന്നത്. മൂന്നു പേര്‍ അറസ്റ്റിലായി. രണ്ടു വാഹനങ്ങളും പിടിച്ചെടുത്തു.

പുലര്‍ച്ചെ മുരിങ്ങൂര്‍ ദേശിയപാതയില്‍ വെച്ചാണ് ഹാഷിഷ് ഓയിലുമായി ആന്ധയില്‍ നിന്നെത്തിയ സംഘം പൊലീസിൻറെ വലയിലാകുന്നത്. പെരിങ്ങോട്ടുകര സ്വദേശികളായ അനൂപ്,കിഷോര്‍,പത്തനംതിട്ട കോന്നി സ്വദേശി നസിം എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒന്നരമാസമായി പൊലീസിൻറെ നിരീക്ശണത്തിലായിരുന്നു ഇവര്‍.രണ്ടാഴ്ച മുമ്പ് പൊലീസിൻറെ കണ്ണുവെട്ടിച്ച് ഹാഷിഷ് ഓയില്‍ കടത്തിയിരുന്നു. ഇത്തവണ പ്രതികള്‍ രക്ഷപ്പെടാതിരിക്കാൻ എല്ലാ പഴുതുകളും അടച്ചായിരുന്നു പൊലീസിൻറെ വിന്യാസം.

അര്‍ദ്ധരാത്രി മുതല്‍ ദേശീയ പാതയുടെ പലയിടങ്ങളിലാണ് പൊലീസ് നിലയുറപ്പിച്ചു. മുരുങ്ങൂരില്‍ രണ്ടു വാഹനങ്ങളിലായി എത്തിയ പ്രതികളെ പൊലീസ് പിടികൂടി. രണ്ടു വാഹനങ്ങളിലായി 11 കിലോ ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. 38 ലക്ഷം രൂപയ്ക്കാണ് ഇവര്‍ ആന്ധയില്‍ നിന്ന് ഇത് കൊണ്ടുവരുന്നത്.കൊച്ചിയില് വിതരണം ചെയ്യുന്നത് ഗ്രാമിന് 2000 രൂപ നിരക്കിലാണ്.

ഹാഷിഷ് ഓയില്‍ കൊണ്ടു വരാൻ വൻതുക മുടക്കിയ വ്യക്തിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഏതാണ്ട് 100 കിലോ കഞ്ചാവിൽ നിന്നാണ് ഒരു കിലോ ഹാഷിഷ് ഓയില്‍ ഉണ്ടാക്കുന്നത്. കൊണ്ടു വരാനും വിതരണം ചെയ്യാനുമുളള എളുപ്പം കാരണമാണ് കൂടുതൽ സംഘങ്ങള്‍ ഇപ്പോള്‍ ഹാഷിഷ് ഓയില്‍ കടത്തില്‍ സജീവമായിരിക്കുന്നതെന്നാണ് പൊലീസിൻ്റെ നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here