ജിദ്ദ∙ ജിദ്ദയിലെ ഇന്ധന വിതരണശാല ആക്രമിച്ച ഹൂതികൾക്കെതിരെ തിരിച്ചടിച്ച് സൗദി സഖ്യം. യെമൻ തലസ്ഥാനമായ സനായിലും ഹുദെയ്ദായിലും ശനിയാഴ്ച പുലർച്ചെ സൗദി അറേബ്യ കനത്ത വ്യോമാക്രമണം നടത്തി. യെമനിലെ തുറമുഖ നഗരമായ ഹുദെയ്ദാ ഇന്ധന വിതരണ കേന്ദ്രമാണ്. ആക്രമണങ്ങളിൽ ആത്മസംയമനം പാലിക്കുമെന്ന് സൗദി സഖ്യം പറഞ്ഞിരുന്നെങ്കിലും ആഗോള ഊർജ മേഖലയെ സംരക്ഷിക്കാനും എണ്ണവിതരണ ശൃംഖല തകരാതെ കാക്കാനുമാണ് തിരിച്ചടിച്ചതെന്ന് സഖ്യം വ്യക്തമാക്കി.
വെള്ളിയാഴ്ച ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ ജിദ്ദയിൽ അരാംകോയുടെ രണ്ട് എണ്ണ സംഭരണികൾക്കു തീ പിടിച്ചെങ്കിലും ആളപായമുണ്ടായില്ല. തീ നിയന്ത്രിക്കാനായെങ്കിലും പൂർണമായും അണയ്ക്കാനായിട്ടില്ലെന്നാണ് വിവരം. ഈ ആഴ്ച അവസാനം ഫോർമുല വൺ സൗദി ഗ്രാൻപ്രി കാറോട്ട മൽസരം നടക്കുന്ന വേദിയുടെ സമീപമായിരുന്നു ആക്രമണം. പക്ഷേ മൽസരം മുൻനിശ്ചയപ്രകാര തന്നെ നടക്കുമെന്ന് അധികൃതർ പറഞ്ഞു.
ആക്രമിക്കപ്പെട്ട, ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിനു തെക്കുകിഴക്കുള്ള നോർത്ത് ജിദ്ദ ബൾക്ക് പ്ലാന്റിൽ മുൻപും ഹൂതികൾ ആക്രമണം നടത്തിയിട്ടുണ്ട്. മെക്കയിലേക്കുള്ള തീർഥാടകരെത്തുന്ന സ്ഥലം കൂടിയാണ് ഈ പ്രദേശം. കഴിഞ്ഞ കുറേ ആഴ്ചകൾക്കിടെ, സൗദിയിലെ എണ്ണ ശുദ്ധീകരണശാലകൾക്കു നേരേ ഹൂതികൾ പലവട്ടം ആക്രമണം നടത്തിയിരുന്നു.