കെ റെയിൽ സർവേയുമായി ബന്ധപ്പെട്ട് കല്ലിടുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്. പലയിടത്തും സർവേയ്ക്ക് എത്തുന്നവും നാട്ടുകാരും തമ്മിൽ തർക്കം പതിവാണ്. വൻ പൊലീസ് സന്നാഹത്തെ ഉപയോഗിച്ച് ജനക്കൂട്ടത്തെ നിയന്ത്രിച്ചാണ് മിക്ക ഇടങ്ങളിലും അധികാരികൾ സർവേ നടത്തിയത്. എന്നാൽ ഇന്ന് ചെങ്ങന്നൂരിൽ പ്രതിഷേധിച്ച ജനക്കൂട്ടത്തിന്റെ നേതൃത്വം ഏറ്റെടുത്ത് സ്ഥലം എം പി നേരിട്ടെത്തി. ജനക്കൂട്ടത്തെ നേരിടാൻ ലാത്തിയുമായി പൊലീസ് അണിനിരന്ന സമയത്താണ് എം പി നാട്ടുകാരുടെ രക്ഷയ്ക്കെത്തിയത്.
തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനുമായി എം പി കാര്യങ്ങൾ സംസാരിച്ചു. സ്ഥലത്ത് ലോ ആൻഡ് ഓർഡർ മോശമാണെന്ന് മേൽ ഉദ്യോഗസ്ഥരെ അറിയിച്ച ശേഷം മടങ്ങണമെന്ന് അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. എന്നാൽ ആരായാലും താനിവിടെ തന്നെ നിൽക്കും എന്ന് പൊലീസ് ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞതോടെ എം പി പൊട്ടിത്തെറിച്ചു. തന്നെക്കാളും വലിയ ആളാടോ ഞാൻ എന്ന് പലയാവർത്തി എം പി ഉച്ചത്തിൽ പൊലീസ് ഉദ്യോഗസ്ഥനോട് പറയുന്നതും വീഡിയോയിൽ കാണാം. സമൂഹമാദ്ധ്യമങ്ങളിൽ ഈ വീഡിയോ വൈറലാണ്.