ടിപ്പുസുല്‍ത്താനെ പ്രകീര്‍ത്തിക്കുന്ന അധ്യായങ്ങള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ പുതിയ നീക്കം

0
201

ബംഗളൂരു: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനവും ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ മുസ്ലിം വ്യാപാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും സംബന്ധിച്ച വിവാദങ്ങള്‍ നിലനില്‍ക്കെ കര്‍ണാടക സര്‍ക്കാര്‍ മറ്റൊരു വിവാദത്തിന് തിരികൊളുത്തി.

സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കാനും ടിപ്പു സുല്‍ത്താനെ മഹത്വവല്‍ക്കരിക്കുന്നത് ഉള്‍പ്പെടെയുള്ള അധ്യായങ്ങള്‍ ഒഴിവാക്കാനും കര്‍ണാടക സര്‍ക്കാര്‍ നീക്കം തുടങ്ങിയതായാണ് പുതിയ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ അടക്കിയ റിപ്പോര്‍ട്ട് രോഹിത് ചക്രതീര്‍ത്ഥയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പാഠപുസ്തക പരിഷ്‌കരണ സമിതിസമര്‍പ്പിച്ചതായി സര്‍ക്കാരിലെ ഉന്നത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.

ചരിത്രപരമായ പ്രാധാന്യമുള്ളതിനാല്‍ ടിപ്പുവിനെ കുറിച്ച് ഒരു പാഠം മാത്രം നിലനിര്‍ത്തുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. രോഹിത് ചക്രതീര്‍ത്ഥ കമ്മിറ്റി നിലവില്‍ സോഷ്യല്‍ സയന്‍സ് വിഷയത്തിന്റെ 6 മുതല്‍ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചു. ചക്രതീര്‍ത്ഥയെ ഒരു വലതുപക്ഷ ചിന്തകനായാണ് കണക്കാക്കുന്നത്, ഭരണകക്ഷിയായ ബിജെപി അദ്ദേഹത്തെ നിയമിച്ചപ്പോള്‍ വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

600 വര്‍ഷം വടക്കുകിഴക്കന്‍ ഇന്ത്യ ഭരിച്ച അഹോം രാജവംശം, ഉത്തരേന്ത്യയുടെ പല ഭാഗങ്ങളും ഭരിച്ചിരുന്ന കാര്‍ക്കോട്ട രാജവംശം, കാശ്മീര്‍ ചരിത്രത്തെക്കുറിച്ചുള്ള പാഠങ്ങള്‍ എന്നിവയും സമിതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവാദമായ ബാബ ബുഡന്‍ഗിരിയെയും ദത്തപീഠത്തെയും കുറിച്ചുള്ള പാഠം കൂടിയുണ്ട്. കാശ്മീര്‍, ബാബാബുഡന്‍ഗിരി, ദത്തപീഠം എന്നിവയെക്കുറിച്ചുള്ള പാഠങ്ങള്‍ സംസ്ഥാനത്ത് വിവാദമുണ്ടാക്കാന്‍ ഇടയുണ്ടെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here