ഭുബനേശ്വര്‍: ഒഡിഷയില്‍ ബിജെഡി എംഎല്‍എ (BJD MLA) ജനക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി. സംഭവത്തില്‍ പൊലീസുകാരടക്കം 20ഓളം പേര്‍ക്ക് പരിക്കേറ്റു. ചിലിക്ക എംഎല്‍എയും ബിജെഡി നേതാവുമായ പ്രശാന്ത കുമാര്‍ ജഗ്ദേവ് (Prashanta Jagdev) ആണ് തന്റെ ആഡംബര കാര്‍ ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റിയത്. പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് ഇയാള്‍ കാര്‍ ഇടിച്ചുകയറ്റിയത്. ഇയാളെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നതായി പാര്‍ട്ടി നേതൃത്വം അറിയിച്ചു. പഞ്ചായത്ത് സമിതി ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. തന്റെ വഴി തടയാന്‍ ശ്രമിച്ചാല്‍ വാഹനം കൊണ്ട് ഇടിക്കുമെന്ന് എംഎല്‍എ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
തിരക്കായതിനാല്‍ കാറില്‍ പോകരുതെന്ന് നാട്ടുകാര്‍ എംഎല്‍എയോട് പറഞ്ഞു. എന്നാല്‍ എംഎല്‍എ ബോധപൂര്‍വം തന്റെ കാര്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയെന്ന് നാട്ടൂകാര്‍ പറഞ്ഞു. ഏഴ് പൊലീസുകാര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് സെന്‍ട്രല്‍ റേഞ്ച് ഐജി നരസിംഗ ഭോല്‍ മാധ്യമങ്ങളോട് പറഞ്ഞു.
വാഹനം തടയാന്‍ ശ്രമിച്ച ബാനപൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് രശ്മി രഞ്ജന്‍ സാഹുവിനും പരിക്കേറ്റു.
രോഷാകുലരായ നാട്ടുകാര്‍ എംഎല്‍എയെ ആക്രമിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തു. പരിക്കേറ്റ ഇയാളെ പൊലീസുകാര്‍ രക്ഷപ്പെടുത്തി.
എംഎല്‍എയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് സൂചനയുണ്ട്. എംഎല്‍എയെയും ആശുപത്രിയിലേക്ക് മാറ്റി. എംഎല്‍എ കസ്റ്റഡിയിലാണെന്നും കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. എംഎല്‍എയുടെ അക്രമത്തിന് പിന്നാലെ ബിജെഡിക്കെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജത്നി എംഎല്‍എയുമായ സുരേഷ് കുമാര്‍ റൗത്രയ് പറഞ്ഞു.
കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി നേതാവിനെ മര്‍ദ്ദിച്ചെന്നാരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ജഗ്ദേവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജഗ്ദേവിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പാര്‍ട്ടി വക്താവ് സസ്മിത് പത്ര വ്യക്തമാക്കി.
Purported video showing Chilika MLA Prashant Jagdev’s vehicle driving into crowd in front of Banpur block office…
MORE DETAILS awaited… pic.twitter.com/1jijISVp3E
— OTV (@otvnews) March 12, 2022