ചൈനയ്ക്ക് പിന്നാലെ ദക്ഷിണ കൊറിയയിലും കുതിച്ചുയർന്ന് കൊവിഡ്

0
276

ചൈനയ്ക്ക് പിന്നാലെ ദക്ഷിണ കൊറിയയിലും കൊവിഡ് ബാധ കുതിച്ചുയരുന്നു. ബുധനാഴ്ച മാത്രം 4 ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇന്ന് 4,00,741 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്തതിനു ശേഷമുള്ള ഏറ്റവും ഉയർന്ന ദിവസക്കണക്കാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 76 ലക്ഷം കടന്നു.

ചൈനയിലെ 13ലേറെ നഗരങ്ങളിൽ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു ചില നഗരങ്ങളിൽ ഭാഗിക ലോക്ഡൗണുമുണ്ട്. വടക്കുകിഴക്കൻ പ്രവിശ്യയായ ജിലിനിലാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം. ഇവിടെ മാത്രം മൂവായിരത്തിലധികം പോസിറ്റീവ് കേസുകളാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്.

ചൊവ്വാഴ്ച, 5280 പുതിയ കൊവിഡ‍് കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. തുടർച്ചയായ ആറാം ദിവസമാണ് ചൈനയിൽ ആയിരത്തിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഹോങ്കോങ് അതിർത്തിയിലുള്ള ഐടി വ്യവസായ നഗരമായ ഷെൻസെൻ, ചാങ്ചുൻ, ചൈനയിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായ ഷാങ്ഹായ് എന്നിവിടങ്ങളിലും കേസുകൾ കൂടുതലാണ്.

ഹോങ്കോങ് അതിർത്തി അടച്ചു. നഗരത്തിലെ ഓരോരുത്തരും 3 വട്ടം പരിശോധനയ്ക്ക് വിധേയമാകണം. ഈ പരിശോധനയ്ക്ക് വേണ്ടി മാത്രമേ വീട്ടിൽനിന്നു പുറത്തിറങ്ങാൻ അനുമതിയുള്ളൂ. വിവിധ പ്രവിശ്യകളിൽ പടരുന്നത് ഒമിക്രോണിന്റെ ബിഎ.2 വകഭേദമാണെന്നാണ് റിപ്പോർട്ട്. വ്യാപനം തടയുന്നതിന് രാജ്യതലസ്ഥാനമായ ബെയ്ജിങ്ങിൽ ഉൾപ്പെടെ കർശന നടപടിയാണ് സ്വീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here