ബെംഗളൂരു: ക്ഷേത്രോത്സവങ്ങളില്‍ നിന്നും മുസ് ലിം കച്ചവടക്കാരെ വിലക്കണമെന്ന ഹിന്ദുത്വ അനുകൂല സംഘടനകളുടെ ആവശ്യത്തിനെതിരെ ബി.ജെ.പി നേതാവ് രംഗത്ത്. മുതിര്‍ന്ന ബി.ജെ.പി നേതാവും നിയമസഭാംഗവുമായ എ.എച്ച് വിശ്വനാഥ് ആണ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ഇത്തരം നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
‘ഇതെല്ലാം ഭ്രാന്താണ്. ഒരു ദൈവവും മതവും ഇത്തരം കാര്യങ്ങള്‍ പറയുന്നില്ല. മതങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്നവയാണ്. സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ ഇടപെടണം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല,” വിശ്വനാഥ് പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍, ശ്രീരാമസേന തുടങ്ങിയ ഗ്രൂപ്പുകളുടെ ആവശ്യത്തെത്തുടര്‍ന്ന് ഉഡുപ്പി, ശിവമോഗ ജില്ലകളിലെ ചില ക്ഷേത്രങ്ങള്‍ ക്ഷേത്രോത്സവങ്ങളില്‍ നിന്ന് മുസ്‌ലിം കച്ചവടക്കാരെ വിലക്കിയിരുന്നു. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ഇതേ രീതി നടപ്പാക്കാനുള്ള ശ്രമം നടന്നുവരുന്നുണ്ട്.
ലോകമെമ്പാടും എത്ര ഇന്ത്യക്കാരുണ്ട്? മുസ്‌ലിം രാജ്യങ്ങളില്‍ എത്ര ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നു? ഇവരെല്ലാം നമുക്കെതിരെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചാല്‍, ഇതെല്ലാം എവിടെ അവസാനിക്കുമെന്നും അദ്ദേഹം ചോദിച്ചു.
എന്തിനാണ് മുസ്‌ലിം കച്ചവടക്കാരെ ലക്ഷ്യമിടുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-പാകിസ്ഥാന്‍ വിഭജനം നടന്നപ്പോള്‍ ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ഇന്ത്യയാണ് ജീവിക്കാന്‍ തിരഞ്ഞെടുത്തതെന്നും അവര്‍ ജിന്നയുടെ കൂടെ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിങ്ങള്‍ ഇന്ത്യക്കാരാണ്, മറ്റേതെങ്കിലും രാജ്യക്കാരല്ലെന്നും വിശ്വനാഥ് പറഞ്ഞു.