ബെംഗളൂരു: കോണ്‍ഗ്രസില്ലാത്ത ഇന്ത്യയുണ്ടാവില്ലെന്ന് കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മുഹമ്മദ് ഹാരിസ് നാലപ്പാട്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയത് കോണ്‍ഗ്രസാണ്. ബിജെപിയോ ആര്‍എസ്എസോ എസ്ഡിപിഐയോ പോപ്പുലര്‍ ഫ്രണ്ടോ ഉണ്ടായിരുന്നില്ല. അത് കൊണ്ട് കോണ്‍ഗ്രസ് മുക്ത ഇന്ത്യ ഉണ്ടാവുമെന്ന ബിജെപിയുടെ അവകാശവാദം നടക്കാന്‍ പോകുന്നില്ല. ഇന്ത്യയുടെ ചരിത്രം കോണ്‍ഗ്രസിന്റെയും ചരിത്രമാണ്’, ഹാരിസ് നാലപ്പാട് പറഞ്ഞു.
മതത്തിന്റെ പേര് പറഞ്ഞ് രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. നമ്മളെല്ലാവരും ഇന്ത്യക്കാരാണ്. ആര്‍ക്കെങ്കിലും നീതി നിഷേധിക്കപ്പെടുന്നുണ്ടെങ്കില്‍ അത് ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ നിഷേധിക്കുന്ന പോലെയാണെന്നും ഹാരിസ് നാലപ്പാട് പറഞ്ഞു.
എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണം. പാര്‍ട്ടി അംഗത്വം ചേര്‍ക്കുന്ന പ്രവര്‍ത്തനം എല്ലാ നേതാക്കളും ഗൗരവത്തോടെ കാണണമെന്നും ഹാരിസ് നാലപ്പാട് കൂട്ടിച്ചേര്‍ത്തു.