കോണ്‍ഗ്രസിന്റെ പതനം ആഘോഷിക്കേണ്ട സന്ദര്‍ഭമല്ല ഇത്; ഇന്ത്യന്‍ ഫാസിസം മുസ്‌ലിം വിരുദ്ധ വംശീയതയില്‍ ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല; എല്ലാവരും ഒരുമിക്കണം; ജമാഅത്തെ ഇസ്‌ലാമി

0
223

കോഴിക്കോട്: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പേരില്‍ കോണ്‍ഗ്രസിന്റെ പതനം ആഘോഷിക്കേണ്ട സന്ദര്‍ഭമല്ല ഇതെന്ന് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ പി. മുജീബ് റഹ്മാന്‍.

ഇപ്പോഴത്തേത് സങ്കുചിത കക്ഷിമാത്സര്യത്തിന്റെ ഘട്ടവുമല്ലെന്നും ഇന്ത്യ ഒരു ഏക ശിലാരാജ്യമായി മാറേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ട അവസാന സന്ദര്‍ഭമാണെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മത-ഭാഷാ-സാംസ്‌കാരിക-രാഷട്രീയ വൈവിധ്യങ്ങളുടെ നിറക്കൂട്ടില്‍ ചാലിച്ചെടുത്ത ഇന്ത്യന്‍ പാരമ്പര്യം നിലനില്‍ക്കണമോ എന്നതാണ് കാതലായ ചോദ്യം. വൈവിധ്യങ്ങളുടെ സൗന്ദര്യത്തില്‍
ഇന്ത്യ ആര്‍ജിച്ച കരുത്ത് തകര്‍ക്കപ്പെടണമോ എന്നതാണ് പ്രധാനം.
കേവലം മുസ്‌ലിം വിരുദ്ധ വംശീയതയില്‍ ഒതുങ്ങി നില്‍ക്കുന്ന ആള്‍കൂട്ട മനശാസ്ത്രമല്ല ഇന്ത്യന്‍ ഫാസിസത്തിന്റേത്. അത്തരം ലളിതമായ യുക്തിവിചാരങ്ങളാണ് ഇന്ത്യന്‍ ഫാസിസത്തെ ഇന്നീ കാണുന്ന വിധത്തിലുള്ള രാഷ്ട്രീയ ഭീകര സംഘടനയാക്കി മാറ്റിയതെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു.

ദളിതുകള്‍, ആദിവാസികള്‍, ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റുകള്‍, സോഷ്യലിസ്റ്റുകള്‍. എല്ലാവരും ഇതിന് കനത്ത വില കൊടുക്കേണ്ടവരാണ്. ആദ്യം അവരെത്തിയത് മുസ്‌ലിമിന്റെ പടിവാതില്‍ക്കലാണെങ്കില്‍ നാളെ എല്ലാ പാര്‍ട്ടി ഓഫീസുകള്‍ക്ക് മുമ്പിലും അവരെത്തും. യു.പിയിലും ത്രിപുരയിലുമെത്തിയത് പോലെ. ഇവിടെ പരസ്പരം തകര്‍ച്ചയാഘോഷിക്കുന്നവര്‍ക്ക് ചരിത്രം മാപ്പ് തരില്ലെന്നും മുജീബ് റഹ്മാന്‍ വ്യക്തമാക്കി.

‘കോണ്‍ഗ്രസിലെ വല്യേട്ടന്‍ മനോഭാവവും കമ്മ്യൂണിസ്റ്റുകളുടെ സിദ്ധാന്തശാഠ്യവുമെല്ലാം മാറ്റിവെച്ച് ഇന്ത്യന്‍
ഫാസിസത്തിനെതിരില്‍ മുഴുവന്‍ മേഖലയിലും പ്രതിരോധ കൂട്ടായ്മകള്‍ രൂപപ്പെടേണ്ട സമയമേറിയിരിക്കുന്നു.
ഇന്ത്യയിലെ പ്രബല രാഷ്ട്രീയ പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇതില്‍ കൂടുതല്‍ രാഷ്ട്രീയ ജാഗ്രത കാണിക്കണം. അധികാരക്കസേരക്കപ്പുറം ഇന്ത്യന്‍ ഭാവിയെക്കുറിച്ച് ചിന്തിക്കാനുള്ള രാഷ്ട്രീയ പക്വത കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നുണ്ടാകണം.

വിശിഷ്യാ, കരുത്തരായ ഒരു രണ്ടാം തലമുറ തങ്ങള്‍ക്കുണ്ടെന്ന് മനസിലാക്കി അവരെ മുന്നില്‍ നിര്‍ത്തി പിന്തുണക്കാനുള്ള ആര്‍ജവം സീനിയര്‍ നേതാക്കള്‍ കാണിക്കണം.
അതല്ല, ഇനിയും ഗ്രൂപ്പുകളി മുഖ്യ തൊഴിലാക്കാനാണ് ഭാവമെങ്കില്‍
അധികാരം മാത്രമല്ല, സ്വന്തം അടിയാധാരം പോലും ഇനി കോണ്‍ഗ്രസിന് നഷ്ടപ്പെടും,’ മുജീബ് റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെങ്ങിനെയും അധികാരം നിലനിര്‍ത്തുക എന്നതിനപ്പുറത്തുള്ള രാഷ്ട്രീയ ഔന്നത്യം കാണിക്കാന്‍ ഇടതുപക്ഷത്തിനും സാധിക്കണം. അത്തരമൊരു പുതിയ രാഷ്ട്രീയ സംസ്‌കാരത്തിനു നാന്ദി കുറിച്ചുകൊണ്ടല്ലാതെയുള്ള പരസ്പരമുള്ള ‘ഗ്വാ,ഗ്വാ’ വിളികള്‍ കൊണ്ട് ഇന്ത്യന്‍ ഫാസിസത്തെ തളക്കാനാവില്ലെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here