കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കി: ഫാത്തിമ തഹ്‌ലിയ

0
290

കോഴിക്കോട്: വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന് പരാതി നല്‍കി എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ.

‘കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കി,’ എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെയും തഹ്ലിയ ഇക്കാര്യം പുറത്തുവിടുകയായിരുന്നു.

വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവിക്ക് ഇമെയില്‍ വഴി നല്‍കിയ പരാതിയുടെ സ്‌ക്രീന്‍ഷോട്ടും അതിലെ കണ്ടന്റും ഫേസ്ബുക്ക് കുറിപ്പില്‍ നല്‍കിയിട്ടുണ്ട്.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലായിരുന്നു കോടിയേരിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം.

സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയില്‍ 50 ശതമാനം വനിതാ സംവരണം ഉണ്ടാകുമോ എന്ന് ചോദിച്ച മാധ്യമങ്ങളോട്, നിങ്ങള്‍ ഈ പാര്‍ട്ടി കമ്മിറ്റിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണോ എന്നായിരുന്നു കോടിയേരി നല്‍കിയ മറുപടി.

ഇതിനെതിരെയാണ് തഹ്‌ലിയ പരാതി നല്‍കിയിരിക്കുന്നത്.

”കഴിഞ്ഞ ദിവസം സി.പി.ഐ.എം പാര്‍ട്ടി സെക്രട്ടറി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട്.

സി.പി.ഐ.എമ്മിന്റെ പുതിയ കേരള സംസ്ഥാന കമ്മിറ്റി ഇന്നലെ നിലവില്‍ വന്നിരുന്നു. കമ്മിറ്റിയുടെ സെക്രട്ടറിയായി സഖാവ് കോടിയേരി ബാലകൃഷ്ണന്‍ ചുമതലയേറ്റത് അങ്ങയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമല്ലോ?

എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പ്രസ്താവന ഏറെ ഗുരുതരവും പൊതുപ്രവര്‍ത്തകരായ സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുമുള്ളതാണ്. മാധ്യമങ്ങളോട് പ്രതികരിക്കവെ പാര്‍ട്ടി കമ്മിറ്റിയില്‍ അമ്പത് ശതമാനം സംവരണം സ്ത്രീകള്‍ക്ക് ഉണ്ടാകുമോ എന്ന ചോദ്യത്തിന് നിങ്ങള്‍ ഈ പാര്‍ട്ടി കമ്മിറ്റിയെ തകര്‍ക്കുവാനാണോ ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പൊതുജന സമക്ഷം ചോദിക്കുന്നുണ്ട്.

ഇത് പൊതുപ്രവര്‍ത്തകരായ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ്. ശ്രീ. കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,” എന്നാണ് വനിതാ കമ്മീഷന് അയച്ച പരാതിയില്‍ തഹ്‌ലിയ പറയുന്നത്.

വിഷയത്തില്‍ നേരത്തെയും തഹ്‌ലിയ വിമര്‍ശനമുന്നയിച്ചിരുന്നു. സ്ത്രീ വിമോചനത്തെ കുറിച്ച് ലീഗുകാര്‍ക്ക് ക്ലാസെടുക്കാന്‍ സി.പി.ഐ.എം ഇനിയും വരില്ലേ എന്നായിരുന്നു തഹ്ലിയ പരിഹസിച്ചത്.

‘സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ച് വലിയ വായയില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് ഉല്‍ബോധനം നല്‍കാറുള്ള സി.പി.ഐ.എമ്മിന്റെ 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ആകെയുള്ളത് ഒരു വനിതാ അംഗം.

സ്ത്രീ പ്രാതിനിധ്യം കൂടിയാല്‍ പാര്‍ട്ടി നശിച്ചു പോകുമെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്ന കോടിയേരി ബാലകൃഷ്ണനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തിട്ടുണ്ട്.

പ്രിയപ്പെട്ട സഖാക്കളെ, സ്ത്രീ വിമോചനത്തെ കുറിച്ച് ലീഗുകാര്‍ക്ക് ക്ലാസെടുക്കാന്‍ ഇനിയും വരില്ലേ ഈ വഴി,’ ഫാത്തിമ തഹ്ലിയ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ എഴുതി.

സി.പി.ഐ.എമ്മിന്റെ 88 അംഗ സംസ്ഥാന കമ്മിറ്റിയില്‍ 13 വനിതകളാണുള്ളത്. പി.കെ. ശ്രീമതി, എം.സി. ജോസഫൈന്‍, കെ.കെ. ശൈലജ, പി. സതീദേവി, പി.കെ. സൈനബ, കെ.പി. മേരി, സി.എസ്. സുജാത, ജെ. മേഴ്‌സിക്കുട്ടിയമ്മ, ടി.എന്‍. സീമ, കെ.എസ്. സലീഖ, കെ.കെ. ലതിക, ഡോ. ചിന്ത ജെറോം, സൂസന്‍ കോടി എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഇതില്‍ മൂന്ന് പേര്‍ പുതുമുഖങ്ങളാണ്. കെ.എസ്. സലീഖ, കെ.കെ. ലതിക, ചിന്ത ജെറോം എന്നിവരാണ് പുതുതായി സംസ്ഥാന സമിതിയില്‍ എത്തിയവര്‍. പി.കെ. ശ്രീമതി സംസ്ഥാന സെക്രട്ടേറിയറ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here