തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് പിഴയായി ഈടാക്കിയത് മുന്നീറ്റിയമ്പത് കോടിയോളം രൂപ. ഇതിൽ 213 കോടി രൂപ പിഴ ഈടാക്കിയത് മാസ്‌കില്ലാത്തതിന്റെ പേരിലാണ്. നിയന്ത്രണങ്ങൾ ലംഘിച്ചതിന് 500 മുതല്‍ 2000 വരെയാണ് പിഴ ഈടാക്കിയിരുന്നത്.
കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് 2020 മാർച്ച് മുതൽ കഴിഞ്ഞ ദിവസം വരെ 65,99,271 പേരാണ് നടപടി നേരിട്ടത്. അതായത് സംസ്ഥാനത്തെ ഇരുപത്തിയഞ്ച് ശതമാനത്തോളം പേർ നടപടി നേരിട്ടു. മാസ്‌ക് ധരിക്കാത്തതിന് മാത്രം 42,73,735 പേരാണ് പിടിയിലായത്.
രോഗവ്യാപനം കുറഞ്ഞതിനെ തുടർന്ന് ദേശീയ ദുരന്ത നിവാരണ നിയമത്തിന്റെ പരിധിയിൽ നിന്ന് മാർച്ച് 31 മുതൽ കൊവിഡ് നിയന്ത്രണങ്ങളെ കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.കേസും പിഴയും ഒഴിവായെങ്കിലും ജനങ്ങൾ മാസ്ക് ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ നിർദേശം നൽകിയിരുന്നു.