ഐപിഎല്ലിന്റെ പുതിയ സീസണില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മുന്‍ സൂപ്പര്‍ താരവും ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ബാറ്ററുമായ ഫഫ് ഡുപ്ലെസി നയിക്കും. വിരാട് കോഹ്‌ലി നായകസ്ഥാനത്ത് നിന്ന് പിന്മാറിയതോടെയാണ് ഡുപ്ലെസിയെ നായക സ്ഥാനത്തേക്ക് ആര്‍സിബി എത്തച്ചിരിക്കുന്നത്.
കഴിഞ്ഞ സീസണില്‍ സിഎസ്‌കെയുടെ നാലാം കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഡുപ്ലെസി. 16 മല്‍സരങ്ങളില്‍ നിന്നും 633 റണ്‍സാണ് താരം നേടിയത്. രണ്ടു റണ്‍സിന്റെ മാത്രം വ്യത്യാസത്തിലാണ് ടോപ്സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് അദ്ദേഹം ടീമംഗമായ റുതുരാജ് ഗെയ്ക്വാദിനു വിട്ടുനല്‍കിയത്.
ലേലത്തില്‍ ഏഴ് കോടി രൂപയ്ക്കാണ് ഡുപ്ലെസിയെ ആര്‍സിബി വാങ്ങിയത്. ക്യാപറ്റനെന്ന നിലയില്‍ ഏറെ അനുഭവസമ്പത്തുള്ള താരം കൂടിയായ അദ്ദേഹം. 2016 മുതല്‍ 2020വരെ എല്ലാ ഫോര്‍മാറ്റുകളിലും ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ നായകനായിരുന്നു ഡുപ്ലെസി.
ആര്‍സിബിയെ പത്ത് സീസണുകളിലായി 132 മത്സരങ്ങളില്‍ കോഹ്ലി നയിച്ചെങ്കിലും ഒരു തവണ ഫൈനലില്‍ എത്തിച്ചതൊഴിച്ചാല്‍ ഐപിഎല്ലില്‍ കിരീടം നേടിക്കൊടുക്കാന്‍ സാധിച്ചിരുന്നില്ല. ഈ കിരീട വരള്‍ച്ച ഡുപ്ലെസി അവസാനിപ്പിക്കുമോ എന്നാണ് അറിയേണ്ടത്.