ലക്നൗ ; യുപിയിലെ ലക്നൗ ആദർശ് ജയിലിൽ തടവുകാരൻ ആത്മഹത്യ ചെയ്തു.ബാരക്കിന് പിന്നിൽ പൈപ്പിൽ തൂങ്ങിയ നിലയിലാണ് തടവുകാരനായ സുനിൽകുമാറിന്റെ (40) മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ, തടവുകാരുടെ എണ്ണത്തിൽ കുറവ് കണ്ടെത്തിയതിനെത്തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് സുനിലിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
മരിച്ച സുനിൽ ഫത്തേഗഡ് സെൻട്രൽ ജയിലിൽ നിന്ന് 2014 ജനുവരി 11 നാണ് ആദർശ് ജയിലിൽ എത്തിയത് . കഴിഞ്ഞ 8 വർഷമായി കൊലപാതകക്കേസിൽ തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു .
കൂട്ടുപ്രതിയായ രാജ്വതി നാരി ബന്ദി നികേതൻ ലക്നൗവിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു. എന്നാൽ 14 വർഷത്തെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം 2021 ജനുവരി 18 ന് സർക്കാർ ഉത്തരവനുസരിച്ച് രാജ്വതി മോചിപ്പിക്കപ്പെട്ടു. ഇതിന് ശേഷം രാജ്വതി മറ്റൊരാളുമായി വിവാഹിതയായി. ഇതേ തുടർന്നാണ് സുനിൽ ആത്മഹത്യ ചെയ്തതെന്നാണ് സൂചന. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.