ഇന്ത്യൻ ജനസംഖ്യയിൽ മുസ്ലീങ്ങൾ ഒന്നാമത് എത്തും എന്ന പ്രചരണത്തിൽ കഴമ്പുണ്ടോ ? കണക്കുകൾ നിരത്തി വാസ്തവം വ്യക്തമാക്കി മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

0
350

ന്യൂഡൽഹി : ഇന്ത്യൻ ജനസംഖ്യയിൽ മുസ്ലീം ജനത ഒന്നാമതെത്തുമെന്നും, പ്രത്യുൽപാദന നിരക്കിലെ കണക്കുകൾ അതാണ് സൂചിപ്പിക്കുന്നതെന്നുമുള്ള പ്രചരണങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും, ചില രാഷ്ട്രീയക്കാരുടെ വാക്കുകളിലൂടെയും കേട്ടിട്ടില്ലേ. ഈ പ്രചരണത്തിന്റെ വാസ്തവം കണക്കുകൾ നിരത്തി പൊളിക്കുകയാണ് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ എസ് വൈ ഖുറൈഷി. ജനസംഖ്യയുടെ കാര്യത്തിൽ രാജ്യത്ത് മുസ്ലീങ്ങൾ ഹിന്ദുക്കളെ മറികടക്കുമെന്ന പ്രചരണം കഴമ്പില്ലാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ‘ദി പോപ്പുലേഷൻ മിത്ത്: ഇസ്ലാം, ഫാമിലി പ്ലാനിംഗ് ആൻഡ് പൊളിറ്റിക്സ് ഇൻ ഇന്ത്യ’ എന്ന അദ്ദേഹത്തിൻെറ പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കവേയാണ് ഖുറൈഷി കണക്കുകൾ സമർത്ഥിച്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ ജനങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കുന്ന നിരവധി കെട്ടുകഥകൾ പ്രചരിക്കുന്നുണ്ട്. അതിലൊന്ന് മാത്രമാണ് ഇത്. കണക്കുകൾ പരിശോധിച്ചാൽ 45.3 ശതമാനം മുസ്ലീങ്ങളാണ് കുടുംബാസൂത്രണം സ്വീകരിക്കുന്നത്. ഇത് നിലവിലുള്ളതിൽ താഴ്ന്ന നിലയിലാണ്. മുസ്ളീം വിഭാഗത്തിന്റെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് (ടിഎഫ്ആർ) 2.61 ആണ്. ഇത് ഉയർന്നതുമാണ്. എന്നാൽ ഹിന്ദു വിഭാഗത്തിനാണ് രാജ്യത്തെ രണ്ടാമത്തെ ടിഎഫ്ആർ, 2.13. ഈ വിഭാഗത്തിലുള്ളവരിൽ 54.4 ശതമാനമാണ് കുടുംബാസൂത്രണ മാർഗങ്ങൾ സ്വീകരിക്കുന്നത്.

മുസ്ലീം ജനസംഖ്യാ വളർച്ച ജനസംഖ്യാ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നു എന്നതും മിഥ്യയാണ്. ഇതിനുത്തരമായി 1951ലെയും 2011ലെയും ജനസംഖ്യാ കണക്കുകളാണ് അദ്ദേഹം ഉദ്ധരിക്കുന്നത്. 1951ലെ 9.8 ശതമാനത്തിൽ നിന്ന് 2011ൽ 14.2 ശതമാനമായി മുസ്ലീം ജനസംഖ്യ രാജ്യത്ത് വർദ്ധിച്ചപ്പോൾ ഹിന്ദുക്കളുടെ എണ്ണം 84.2 ശതമാനത്തിൽ നിന്ന് 79.8 ശതമാനമായി കുറഞ്ഞു. എന്നാൽ കേവലം 4.4 ശതമാനം വർദ്ധനവ് ഉണ്ടാവാൻ അറുപത് വർഷമാണ് എടുത്തത്.

മുസ്ലീങ്ങൾ ഹിന്ദുക്കളേക്കാൾ വേഗത്തിൽ കുടുംബാസൂത്രണം സ്വീകരിക്കുന്നുവെന്നും എസ് വൈ ഖുറൈഷി അവകാശപ്പെടുന്നു. പ്രൊഫസർമാരായ ദിനേശ് സിംഗ്, മുൻ ഡൽഹി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ, അജയ് കുമാർ എന്നിവരുടെ ഗണിതശാസ്ത്ര മാതൃക ഉദ്ധരിച്ച്, മുസ്ലീങ്ങൾക്ക് ഒരിക്കലും ഹിന്ദുക്കളെ മറികടക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ അധികാരം പിടിക്കാൻ ഹിന്ദു ജനസംഖ്യയെ മറികടക്കാൻ മുസ്ലീങ്ങൾ സംഘടിത ഗൂഢാലോചന നടത്തുന്നുവെന്നത് വെറും പ്രചരണം മാത്രമാണ്. കാരണം ഹിന്ദുക്കളെ മറികടക്കാൻ കൂടുതൽ കുട്ടികളെ ജനിപ്പിക്കണമെന്ന് ഒരു മുസ്ലീം നേതാവോ പണ്ഡിതനോ ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനസംഖ്യ വർദ്ധിപ്പിക്കുന്നതിന് മുസ്ലീങ്ങൾ ബഹുഭാര്യത്വം ഉപയോഗിക്കുന്നു എന്ന പ്രചരണത്തെയും ഖുറൈഷി പൊളിച്ചടുക്കുന്നു. 1975 ലെ സർക്കാർ പഠനത്തിൽ എല്ലാ സമുദായങ്ങൾക്കിടയിലും ബഹുഭാര്യത്വമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ മുസ്ലീങ്ങൾ ഏറ്റവും കുറഞ്ഞ ബഹുഭാര്യത്വമുള്ളവരാണെന്നും കണ്ടെത്തി. ഇസ്ലാം ബഹുഭാര്യത്വത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് തെറ്റിദ്ധാരണയുണ്ടെന്നും യാഥാർത്ഥ്യം മറ്റൊന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ലിംഗാനുപാതം 1,000 പുരുഷന്മാർക്ക് 924 സ്ത്രീകൾ മാത്രമാണ്. അതിനാൽ തന്നെ ബഹുഭാര്യത്വം സാദ്ധ്യമല്ല.

ഇസ്ലാം കുടുംബാസൂത്രണത്തിന് എതിരല്ലെന്ന് വാദിച്ച ഖുറൈഷി, കുടുംബാസൂത്രണത്തെ ഖുറാൻ എവിടെയും വിലക്കിയിട്ടില്ലെന്നും അനുകൂലിച്ചും പ്രതികൂലിച്ചും വ്യാഖ്യാനങ്ങൾ മാത്രമേയുള്ളൂവെന്നും പറഞ്ഞു. ഖുർആനിലെ നിരവധി വാക്യങ്ങളിൽ കുട്ടികളുടെ സംഖ്യകളേക്കാൾ ഗുണനിലവാരം, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, നല്ല വളർത്തലിനുള്ള കുട്ടികളുടെ അവകാശം എന്നിവ ഊന്നിപ്പറയുന്നു. ഇസ്ലാം കുടുംബാസൂത്രണത്തെ എതിർക്കുന്നില്ലെന്ന് മാത്രമല്ല, വാസ്തവത്തിൽ ഈ ആശയത്തിന്റെ തുടക്കക്കാരനാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീർ മുൻ ഗവർണർ എൻ എൻ വോറ, മുൻ ആരോഗ്യ സെക്രട്ടറി കെ സുജാത റാവു, ദി പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ പൂനം മുത്രേജ എന്നിവരും പുസ്തക ചർച്ചയിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here