ഇതെന്ത് ജീവി? പച്ചനിറത്തിൽ നിറയെ രോ​മം, വിചിത്രമായ രൂപത്തിലൊരു പാമ്പ്, വീഡിയോ വൈറൽ

0
207

അസാധാരണ രൂപത്തിലുള്ള, നിറയെ രോമമുള്ള ഒരു പച്ചനിറത്തിലുള്ള പാമ്പിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുന്നു. തായ്‌ലൻഡിലെ ഒരു ചതുപ്പിലാണ് ഇതിനെ കണ്ടത്. അതിന്റെ രോമങ്ങളും അത് ചലിക്കുന്നതിന് ഒപ്പം ചലിക്കുകയാണ്. യാഹൂ ഓസ്‌ട്രേലിയയുടെ റിപ്പോർട്ട് പ്രകാരം ഫെബ്രുവരി 26 -ന് സഖോൺ നഖോൺ പ്രവിശ്യയിലെ തന്റെ വീടിന് സമീപം വൃത്തിഹീനമായ വെള്ളത്തിലാണ് രണ്ട് അടി നീളമുള്ള ഈ ജീവി തെന്നി നീങ്ങുന്നത് 49 -കാരനും പ്രദേശവാസിയുമായ ടു കണ്ടത്.

“ഇതുപോലൊരു പാമ്പിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അത് എന്താണെന്ന് കണ്ടെത്താനും അതിനെക്കുറിച്ച് ഗവേഷണം നടത്താനും ആളുകളെ അനുവദിക്കുന്നത് ഉപയോഗപ്രദമാകുമെന്ന് ഞാനും എന്റെ കുടുംബവും കരുതി” ടുവിന്റെ 30 വയസ്സുള്ള മരുമകൾ പറഞ്ഞതായി യാഹൂ ന്യൂസ് റിപ്പോർട്ട് ചെയ്തു.

രോമമുള്ള ഈ ജീവിയെ ടുവിന്റെ വീട്ടിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. അധികാരികളുടെ തിരിച്ചറിയലിനായി കാത്തിരിക്കുകയാണവർ. ദ സയൻസ് ടൈംസ് റിപ്പോർട്ടനുസരിച്ച്, ഇത് വെള്ളത്തിൽ ജീവിക്കുന്ന പഫ് ഫേസ്‍ഡ് വാട്ടർ സ്നേക്ക് ആയിരിക്കാമെന്നും വളരെക്കാലം ഇരയെ പിടിക്കുന്നതിനായി പാറക്കെട്ടുകളിൽ കഴിഞ്ഞതിന്റെ ഭാ​ഗമായി ഇതിന്റെ ശരീരത്തിൽ പായൽ വളർന്നതാകാം എന്നും കരുതുന്നു.

“ചെതുമ്പലുകൾ ചർമ്മത്തിന് മുകളിലാണ്, കൂടുതലും കെരാറ്റിൻ കൊണ്ടാണ് അത് നിർമ്മിച്ചിരിക്കുന്നത്. ഇത് ചർമ്മത്തിന് മുകളിൽ ഒരു പാളി ഉള്ളതുപോലെയാണ്” എൻഎസ്ഡബ്ല്യു സെൻട്രൽ കോസ്റ്റിലെ വൈൽഡ് ലൈഫ് എആർസിയിലെ സ്നേക്ക് സ്പീഷീസ് കോർഡിനേറ്ററായ സാം ചാറ്റ്ഫീൽഡ് പറഞ്ഞതായി യാഹൂ ന്യൂസ് ഓസ്‌ട്രേലിയ പറയുന്നു.

പഫ് ഫേസ്‍ഡ് വാട്ടർ സ്നേക്ക്, മാസ്ക്ഡ് വാട്ടർ സ്നേക്ക് എന്നും അറിയപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here