കോഴിക്കോട്: രണ്ട് ദിവസങ്ങളിലായി കേന്ദ്ര ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്കില്‍ നിന്ന് ലുലു മാളിനെ ഒഴിവാക്കിയെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം.
പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര എന്നിവക്ക് പണിമുടക്കില്‍ ഇളവു്ണ്ടാകുമെന്ന അറിയിപ്പിനോടൊപ്പം ലുലു മാള്‍ ഉള്‍പ്പെട്ടതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.
‘ആഹാ ലുലു മാള് ഇപ്പോള്‍ അടിയന്തര സര്‍വീസില്‍ പെടുത്തിയോ. പണിമുടക്കില്‍ നിന്നു ലുലു മാളിനെ ഒഴിവാക്കി, അടിപൊളി.
ഈ ഒരൊറ്റ ബന്ദോടു കൂടി കേരളത്തിന്റെ സര്‍വ്വ സാമ്പത്തിക പ്രശ്നങ്ങള്‍ മാത്രമല്ല, ലുലു മാള്‍ തുടങ്ങിയ കുത്തക സംരംഭങ്ങള്‍ ഒഴിച്ച്, ബാക്കിയെല്ലാം ഒഴിഞ്ഞു പോവുകയും, കേരളത്തില്‍ ചെറുകിട വ്യവസായ സംരംഭങ്ങള്‍ വീണ്ടും വളര്‍ന്ന് പന്തലിക്കുകയും ചെയ്യുന്നതാണ്,’ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍.
അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് ഹൈക്കോടതി വിലക്കിയിട്ടുണ്ട്. രണ്ട് ദിവസങ്ങളിലായി കേന്ദ്ര ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാരും പങ്കെടുക്കുന്നുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു കോടതി പറഞ്ഞത്.
സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, ഇത് സംബന്ധിച്ച ഉത്തരവ് ഇന്നുതന്നെ പുറത്തിറക്കാനും കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ പ്രഖ്യാപിക്കാതിരുന്ന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യം പറഞ്ഞത്.