ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലും തോല്‍ക്കുകയാണെങ്കില്‍ പാര്‍ട്ടിയെ നവീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി.
തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായതോടെയാണ് സിംഗ്‌വിയുടെ പ്രതികരണം.
ആംആദ്മി പാര്‍ട്ടി ലീഡ് നില ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തോല്‍വി അംഗീകരിച്ചും ആംആദ്മി പാര്‍ട്ടിയെ അഭിനന്ദിച്ചും കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ദു രംഗത്തെത്തിയിരുന്നു.
‘ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്. പഞ്ചാബിലെ ജനങ്ങളുടെ ജനവിധി വിനയപൂര്‍വ്വം സ്വീകരിക്കുന്നു. എ.എ.പിക്ക് അഭിനന്ദനങ്ങള്‍,’എന്നാണ് നവ്‌ജ്യോത് സിദ്ദു ട്വീറ്റ് ചെയ്തത്.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്ന് പ്രഖ്യാപിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ 403 സീറ്റുകളിലേക്കും പഞ്ചാബില്‍ 117 സീറ്റുകളിലേക്കും ഉത്തരാഖണ്ഡില്‍ 70 സീറ്റുകളിലേക്കും മണിപ്പുരില്‍ 60 സീറ്റുകളിലേക്കും ഗോവയില്‍ 40 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
അഞ്ചിടങ്ങളിലും ദയനീയ പ്രകടനമാണ് കോണ്‍ഗ്രസ് നടത്തിയത്.